Arts - 2024

കന്ധമാൽ ക്രൈസ്തവ നരഹത്യ: യാതനകള്‍ തുറന്നുക്കാട്ടി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശനം

സ്വന്തം ലേഖകന്‍ 05-03-2019 - Tuesday

ന്യൂഡൽഹി: ഒഡീഷയിലെ കന്ധമാൽ ക്രൈസ്തവ നരഹത്യയെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിം ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. 'വോയിസ് ഫ്രേം ദ റൂയിന്‍സ്- കാണ്ഡമാല്‍ ഇന്‍ സെര്‍ച്ച് ഓഫ് ജസ്റ്റീസ്' (Voice from the ruins - Kandhamal in search of justice) എന്ന പേരിൽ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സിനിമ നിർമ്മാതാവായ കെ പി ശശിയാണ്. 2007-08 കാലഘട്ടത്തിൽ കന്ധമാൽ ജില്ലയിൽ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ ലഹളയാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

മാർച്ച് മൂന്നിന് ഡൽഹി കറ്റോൻമെൻറിലെ സെന്‍റ് മാർട്ടിൻ ദേവാലയത്തിലും ഇന്നലെ ജെ.എൻ.യു യൂണിയൻ റൂമിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ന്‍ വിദ്യ ജ്യോതി തിയോളജി കോളേജ്, പുഷ്പ വിഹർ സെന്‍റ് തെരേസ ദേവാലയത്തിലും, നാളെ അംബേദ്കർ യൂണിവേഴ്സിറ്റിയിലും പ്രദർശനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 1936-ൽ സ്ഥാപിതമായ ഒഡീഷ സംസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് മധുസൂദൻ ദാസാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അദ്ദേഹത്തിന്റെ സാമൂഹിക പരിവർത്തനങ്ങളാണ് ഇന്നത്തെ ഒഡീഷയുടെ മാറ്റത്തിന് പിന്നില്‍. സംസ്ഥാനത്തെ ഭൂരിപക്ഷവും ദളിതരും ആദിവാസികളുമാണെങ്കിലും ഏറെ പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്.

1960ൽ ആരംഭിച്ച ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങൾ ദശാബ്ദങ്ങളായി തുടർന്ന് നില്‍ക്കുകയാണ്. 2008ൽ തീവ്ര ഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട കലാപത്തില്‍ നൂറുകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ ഏഴായിരം ഭവനങ്ങൾ നശിപ്പിക്കപ്പെടുകയും മുന്നൂറോളം ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും അരലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. കലാപത്തിനിരയായ ക്രൈസ്തവരുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ ഇതുവരെയും ശരിയായ വിധത്തില്‍ നടന്നിട്ടില്ല. അവരുടെ പ്രതിസന്ധികളും ദുരിതങ്ങളും നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും കലാപ കാരണങ്ങളുമാണ് ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ആറ് വരെ പ്രദർശനം തുടരുമെന്ന് സിനിമ നിർമ്മാതാവും സംഘാടകയുമായ ദിവ്യ ബട്ട് അറിയിച്ചു.

More Archives >>

Page 1 of 3