News - 2024

പ്രോലൈഫ് പ്രവര്‍ത്തകരെ തടഞ്ഞ് വീണ്ടും ബ്രിട്ടീഷ് കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 09-03-2019 - Saturday

ലണ്ടന്‍: ഗര്‍ഭഛിദ്ര ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധം നടത്തുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ തടഞ്ഞു ഈലിംഗ് കൗണ്‍സിലിനു പിന്നാലെ ലണ്ടനിലെ റിച്ച്മോണ്ട് ബറോ കൗണ്‍സിലും. അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധവുമായി എത്തുന്നത് നിരോധിച്ചുകൊണ്ട് മാര്‍ച്ച് 6നാണ് റിച്ച്മോണ്ട് ബറോ കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ യുകെയില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന രണ്ടാമത്തെ കൗണ്‍സിലായി മാറിയിരിക്കുകയാണ് റിച്ച്മോണ്ട് ബറോ കൗണ്‍സില്‍.

ലണ്ടനിലെ ട്വിക്കന്‍ഹാം സെക്ഷനില്‍ റോസ്‌ലിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പ്രഗ്നന്‍സി അഡ്വൈസറി സര്‍വീസ്സിന്റെ (ബി.പി.എ.എസ്) അബോര്‍ഷന്‍ സെന്ററിലേക്ക് പോകുന്ന സന്ദര്‍ശകരുമായോ, സ്റ്റാഫുമായോ ഏതെങ്കിലും വിധത്തില്‍ ഇടപെടാനോ, സംസാരിക്കുന്നതിനോ ശ്രമിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പബ്ലിക് പ്ലേസ് പ്രോട്ടക്ഷന്‍ ഓര്‍ഡര്‍ (PSPO) പുറത്തിറക്കുവാനുള്ള കൗണ്‍സിലിന്റെ റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിന് മാര്‍ച്ച് 5 ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്.

പ്രദേശവാസികളുടെ സമാധാനപരമായ ജീവിത സാഹചര്യത്തിന് ഈ നിരോധനം ആവശ്യമാണെന്ന വ്യാജേനെയാണ് ഗര്‍ഭഛിദ്രത്തെ ഭരണനേതൃത്വം പിന്തുണക്കുന്നത്. തങ്ങള്‍ ക്ലിനിക്കില്‍ വരുന്നവരെ തടസ്സപ്പെടുത്തുന്നുവെന്ന ആരോപണത്തെ പ്രോലൈഫ് പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. സമാധാനപരമായി പ്രാര്‍ത്ഥിക്കുകയും, സ്ത്രീകള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം റിച്ച്മോണ്ട് ബറോ കൗണ്‍സിലിന്റെ തീരുമാനം കടുത്ത വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.


Related Articles »