India - 2025
സീറോ മലങ്കര സഭ സിനഡ് ആരംഭിച്ചു
സ്വന്തം ലേഖകന്‍ 12-03-2019 - Tuesday
തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ 23-മത് സാധാരണ എപ്പിസ്കോപ്പൽ സഭയുടെ ആസ്ഥാനകേന്ദ്രമായമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ആരംഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച സിനഡില്‍ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. എബ്രഹാം മാർ യൂലിയോസ്, ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജാംബാപ്തിസ്ത ദിക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാളെ രാവിലെ 9 മണിക്ക് മലങ്കര പുനരൈക്യ വാർഷികത്തിന്റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചുള്ള പ്രത്യേക സമ്മേളനം നടക്കും. സഭയിലെ വിവിധ പ്രേഷിത ശുശ്രൂഷകൾ, വൈദിക പരിശീലനം, ആരാധനക്രമം, മറ്റ് പൊതുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ എന്നിവ സുന്നഹദോസിൽ ചർച്ച ചെയ്യും. ഒക്ടോബർ മാസത്തിൽ നടത്തുന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ ലോഗോയും പഠനരേഖയും പ്രകാശനം ചെയ്യും.
