News - 2024

വത്തിക്കാന്‍ ചൈന കരാര്‍ ഫലപ്രദമല്ലെന്ന് അമേരിക്കയുടെ വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ 14-03-2019 - Thursday

ഹോങ്കോങ്ങ്: കത്തോലിക്കരോടുള്ള ചൈനീസ് സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതില്‍ വത്തിക്കാന്‍ കരാര്‍ ഉപയോഗപ്പെട്ടിട്ടില്ലെന്ന് യുഎസ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്. മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും-ചൈനീസ് സര്‍ക്കാരും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിനു ശേഷവും കത്തോലിക്കര്‍ക്ക് നേര്‍ക്കുള്ള സര്‍ക്കാര്‍ മതപീഡനത്തില്‍ യാതൊരു കുറവുമില്ലെന്നും, കത്തോലിക്ക സഭാ നേതാക്കളെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ഭാഗികമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലാണെന്നും ബ്രൌണ്‍ബാക്ക് തുറന്ന്‍ പറഞ്ഞു.

മാര്‍ച്ച് എട്ടിന് ഹോങ്കോങ്ങിലെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്വാനും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മതസ്വാതന്ത്ര്യ ഫോറത്തില്‍ പങ്കെടുക്കുവാനാണ് ബ്രൌണ്‍ബാക്ക് ഹോങ്കോങ്ങില്‍ എത്തിയത്. ഹെനാന്‍ പ്രവിശ്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വിലക്കുള്ള കാര്യവും, രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിന് ദേവാലയങ്ങള്‍ അടച്ചു പൂട്ടിയ കാര്യവും, സേജിയാങ്ങില്‍ കുരിശുകളും ദേവാലയങ്ങളും തകര്‍ക്കുകയും യേശുവിലുള്ള വിശ്വാസമുപേക്ഷിക്കുവാന്‍ വിശ്വാസികളില്‍ സമ്മര്‍ദ്ധം ചെലുത്തിയതും ബ്രൌണ്‍ബാക്ക് പരാമര്‍ശിച്ചു. നിരവധി രൂപതകള്‍ മെത്രാന്‍മാരില്ലാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമീപ ഭാവിയില്‍ കത്തോലിക്കര്‍ക്കെതിരെയുള്ള മതപീഡനത്തില്‍ കുറവ് വരുവാനുള്ള സാധ്യത കാണുന്നില്ല. ചൈനീസ് ഭരണഘടനയിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ സംബന്ധിച്ച് പ്രഖ്യാപനത്തിലും ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ചൈനീസ് സര്‍ക്കാര്‍ ലംഘിക്കുകയായാണ്. കത്തോലിക്കര്‍ക്ക് പുറമേ ഇതര ക്രിസ്ത്യന്‍ സഭകള്‍ക്കും, ഉയിഘുര്‍ മുസ്ലീമുകള്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും ബ്രൌണ്‍ബാക്ക് ആവശ്യപ്പെട്ടു.

2018 സെപ്റ്റംബര്‍ 22നാണ് വത്തിക്കാനും ചൈനയും മെത്രാന്‍മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടിയുടെ ഭാഗമെന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 7 മെത്രാന്‍മാരെ വത്തിക്കാന്‍ അംഗീകരിക്കുകയും അവര്‍ക്ക് ഓരോ രൂപതയുടെ ഉത്തരവാദിത്വം നല്‍കുകയും ചെയ്തിരിന്നു. അതേസമയം ബ്രൌണ്‍ബാക്കിന്റെ പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ മതപരമായ നയങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ പറയുന്നത്.

More Archives >>

Page 1 of 426