News - 2025
നിക്കരാഗ്വയിലെ കത്തോലിക്ക മെത്രാന്മാരുടെ സമാധാന ശ്രമത്തെ അഭിനന്ദിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍ 16-03-2019 - Saturday
റോം: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവും, സാമ്പത്തികവുമായ പ്രതിസന്ധി മറികടക്കുവാനായി കത്തോലിക്ക സഭാനേതൃത്വം നടത്തുന്ന ഇടപെടലിനെ അഭിനന്ദിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉപദേഷ്ടാവായ അംബാസഡര്‍ ടോഡ് റോബിന്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ടെലഫോണ്‍ കോണ്‍ഫറന്‍സിലാണ് കത്തോലിക്കാ മെത്രാന്മാരും, അപ്പസ്തോലിക പ്രതിനിധിയായ വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാനും നിക്കരാഗ്വക്കു വേണ്ടി നടത്തുന്ന പോരാട്ടത്തെ ടോഡ് റോബിന്‍സണ്‍ അഭിനന്ദിച്ചത്.
പ്രതിസന്ധി ഉടലെടുത്തത് മുതല്‍ കത്തോലിക്കാ മെത്രാന്മാരെടുത്ത ഉറച്ച നിലപാടിനും, ദേവാലയങ്ങളും, ഹോസ്പിറ്റലുകളും അഭയകേന്ദ്രങ്ങളായി നല്‍കിയതിനും അമേരിക്കന്‍ ഭരണകൂടത്തിന്റെ അഭിനന്ദനങ്ങള്‍. ഇക്കാര്യത്തില്‍ നിക്കരാഗ്വയിലെയും, വത്തിക്കാനിലെയും കത്തോലിക്കാ മെത്രാന്മാരും അപ്പസ്തോലിക പ്രതിനിധിയും വഹിച്ച പങ്കിനെ എത്രപറഞ്ഞാലും മതിയാവുകയില്ല. സമാധാനപരമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്നതിനായുള്ള നീക്കങ്ങളില്‍ കത്തോലിക്കാ സഭയുടെ പ്രതിബദ്ധത വ്യക്തമാണ്. ഇതിനായി പ്രതിപക്ഷ കക്ഷികളുമായി മാത്രമല്ല, ഇതില്‍ ഇടപ്പെട്ടിരിക്കുന്ന എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും പക്ഷപാത രഹിതവുമായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പാണ് പ്രതിസന്ധിയുടെ ശാശ്വത പരിഹാരമെന്ന സഭയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ അമേരിക്കയ്ക്കുള്ളത്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് ജീവന്‍ പണയം വച്ച് കത്തോലിക്ക സഭാവൃത്തങ്ങള്‍ വിവിധ സേവനങ്ങള്‍ ചെയ്തു വരികയാണ്. പ്രതിഷേധക്കാരെയും, സര്‍ക്കാര്‍ അനുകൂലികളേയും വീണ്ടും ചര്‍ച്ചക്കായി ഒരു മേശക്ക് ചുറ്റും കൊണ്ടുവരുവാന്‍ സഭക്ക് കഴിയുമെന്ന പ്രത്യാശയും റോബിന്‍സണ്‍ പ്രകടിപ്പിച്ചു.
അതേസമയം നിക്കരാഗ്വയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ഉടലെടുത്തിട്ട് ഒരു വര്‍ഷത്തോളമായി. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് രാജ്യം കലാപത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം തന്നെ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.
