News - 2025
അബോര്‍ഷനെതിരെ പ്രതിഷേധം അലയടിച്ചു: ജീവന്റെ സംരക്ഷണത്തിനായി ഇല്ലിനോയിസില്‍ ആയിരങ്ങള്‍
സ്വന്തം ലേഖകന്‍ 23-03-2019 - Saturday
ഇല്ലിനോയിസ്: ജനനത്തിന് തൊട്ടുമുന്‍പു വരെ ഗര്‍ഭഛിദ്രമനുവദിക്കുന്ന അബോര്‍ഷന്‍ ബില്ലുകള്‍ക്കെതിരെ ഇക്കഴിഞ്ഞ ബുധനാഴ്ച ഇല്ലിനോയിസ് സംസ്ഥാന തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് വന്‍ ജനപങ്കാളിത്തം. പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജീവന്‍ സംരക്ഷകരുടെ ഒഴുക്കായിരുന്നു. കാപ്പിറ്റല്‍ റോട്ടുണ്ട നിറഞ്ഞ് കവിഞ്ഞത് കാരണം കെട്ടിടത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത നൂറുകണകണക്കിനാളുകള്‍ പുറത്തു നിന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജനബാഹുല്ല്യം കാരണം സംസ്ഥാന നഗരത്തിലേക്കുള്ള പ്രവേശനം പോലീസ് താല്‍ക്കാലികമായി നിരോധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹൗസ് ബില്‍ 2495, സെനറ്റ് ബില്‍ 1942 ഗര്‍ഭഛിദ്രത്തെ ഒരു മൗലീക അവകാശമായിട്ടാണ് കാണുന്നതെന്നും, ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്കും, അബോര്‍ഷന്‍ അംഗീകരിക്കാത്ത മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുമുണ്ടായിരുന്ന നാമമാത്രമായ സംരക്ഷണവും, സ്ത്രീകളുടെ സുരക്ഷയും ഈ ബില്ലുകള്‍ മൂലം ഇല്ലാതാകുമെന്ന് ‘ഇല്ലിനോയിസ് റൈറ്റ് ഓഫ് ലൈഫ് ആക്ഷന്‍' പ്രതിനിധി മേരി കേറ്റ് നോര്‍ പറഞ്ഞു. ഈ നിയമങ്ങള്‍ക്കെതിരെ പതിനായിരത്തോളം ആളുകള്‍ സാക്ഷ്യകുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റൈറ്റ് ഓഫ് ലൈഫ് ആക്ഷന്‍ പറയുന്നത്. ഇല്ലിനോയിസ് ഹൗസ് പ്രതിനിധിയായ അവേരി ബൗര്‍നേപ്പോലെയുള്ള നിയമസാമാജികരില്‍ പലരും ഈ ബില്ലുകളെ എതിര്‍ക്കുന്നവരാണ്.
സ്റ്റേറ്റ് ഹൗസ് പ്രതിനിധിയായ കെല്ലി കാസിഡിയാണ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് (ഹൗസ് ബില്‍ 2495) മുന്നോട്ട് വെച്ചത്. ഈ ബില്‍ നിയമമാകുകയാണെങ്കില്‍ അബോര്‍ഷന്‍ ക്രിമിനല്‍ കുറ്റം അല്ലാതാകും. ഡോക്ടര്‍ അല്ലാത്തവര്‍ക്ക് പോലും അബോര്‍ഷന്‍ നടത്തുവാന്‍ അനുവാദം ലഭിക്കുകയും ചെയ്യും. മറ്റൊരു ബില്ലായ സെനറ്റ് ബില്‍ 1942 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അബോര്‍ഷന് മുന്‍പ് മാതാപിതാക്കളില്‍ ഒരാളോട് അക്കാര്യം അറിയിച്ചിരിക്കണമെന്ന വ്യവസ്ഥയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ഗവര്‍ണര്‍ ഓഫീസും, സ്റ്റേറ്റ് ഹൗസും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായതിനാല്‍ ഈ ബില്ലുകള്‍ പാസ്സാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അമേരിക്കയിലെ പൊതുജനം അബോര്‍ഷനെതിരാണെന്നാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കക്കാരില്‍ നാലില്‍ മൂന്ന്‍ പേരും (75%) 3 മാസത്തിന് ശേഷമുള്ള അബോര്‍ഷനെ അംഗീകരിക്കുന്നില്ലെന്നാണ് മേരിസ്റ്റ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ നിന്നും വ്യക്തമായിട്ടുള്ളത്.
