India - 2024

സഭയുടെ അടിസ്ഥാന ഘടകം കുടുംബം: സിനഡല്‍ കമ്മീഷന്‍ യോഗം

സ്വന്തം ലേഖകന്‍ 24-03-2019 - Sunday

കൊച്ചി: കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമുള്ള പ്രവര്‍ത്തനങ്ങളില്‍ കരുതലുള്ള ശുശ്രൂഷയാണു സഭ പകര്‍ന്നു നല്‍കേണ്ടതെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ യോഗം. സഭയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. അജപാലനപരമായ കരുതലോടെയാണു സഭ കുടുംബങ്ങളെ അനുധാവനം ചെയ്യേണ്ടത്. ആത്മഹത്യയോളമെത്തിയ കര്‍ഷകരുടെ വൈഷമ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കു സഭാപ്രവര്‍ത്തനം വ്യാപിപ്പിക്കണം.

പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും സഭയില്‍ വേദിയുണ്ടാവണം. ഭിന്നശേഷി സൗഹൃദസഭയായി സീറോ മലബാര്‍ സഭ വളര്‍ന്നുവരേണ്ടതുണ്ട്. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ബധിരരുടെയും മൂകരുടെയും അന്ധരുടെയും കൂട്ടായ്മകള്‍ രൂപീകരിച്ചുവരുന്നുണ്ട്. സഭയിലെ അല്മായരുടെ വിവിധ പ്രവര്‍ത്തനമേഖലകള്‍ കമ്മീഷന്‍ വിലയിരുത്തി. ഓരോ അല്മായനും സഭയില്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ വിവിധ ഫോറങ്ങള്‍ രൂപപ്പെടണം. കേരളത്തിലെ ഏറ്റവും വലിയ സഭാ സമൂഹമായ സീറോ മലബാര്‍ സഭാംഗങ്ങള്‍ തങ്ങളുടെ തനിമയും ശക്തിയും തിരിച്ചറിഞ്ഞു രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കണം. കത്തോലിക്ക കോണ്‍ഗ്രസും വിവിധ അല്മായ ഫോറങ്ങളും ഇതില്‍ നേതൃത്വമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയില്‍, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, കുടുംബപ്രേഷിതകേന്ദ്രം സെക്രട്ടറി ഫാ. ജോസഫ് കൊല്ലക്കൊന്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ജോസ്‌കുട്ടി ഒഴുകയില്‍, പി.ജെ. പാപ്പച്ചന്‍, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.



More Archives >>

Page 1 of 234