News

രണ്ടു പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്: തീരുമാനത്തിനു മാർപാപ്പ അംഗീകാരം നല്‍കി

സ്വന്തം ലേഖകന്‍ 11-05-2016 - Wednesday

വത്തിക്കാന്‍: ഈ ഭൂമിയിലെ ജീവിത കാലത്ത് ക്രിസ്തുവിന്റെ സാക്ഷിയായി ജീവിച്ച രണ്ടുപേരെ കൂടി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുവാനുള്ള തീരുമാനത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കി. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരമോന്നത സമതിയുടെ തലവന്‍ കര്‍ദിനാള്‍ അന്‍ജിലോ അമാട്ടോയുടെ റിപ്പോര്‍ട്ടിനു അംഗീകാരം ലഭിച്ചതോടെയാണിത്. വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി, സോളമന്‍ ലെക്ലിര്‍ക്ക് എന്നിവരാണു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനുള്ള യോഗ്യത നേടിയിരിക്കുന്നത്.

വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി മേരി ഇമാക്യുലീന്‍ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വൈദികനാണ്. 1784 നവംബര്‍ 11-നാണ് അദ്ദേഹം ജനിച്ചത്. ആണ്‍കുട്ടികള്‍ക്കു തൊഴില്‍ പരമായ വിദ്യാഭ്യാസം ലഭ്യാമാക്കുന്നതിനുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണു ലുഡോവിക്കോ പവോനി തുടങ്ങിയത്. ക്രൈസ്തവ മൂല്യങ്ങള്‍ തൊഴില്‍ രംഗങ്ങളില്‍ പ്രകടിപ്പിക്കുന്ന യുവാക്കളെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സൃഷ്ടിക്കുവാന്‍ പവോനിക്കായി.1849 ഏപ്രില്‍ ഒന്നാം തീയതിയാണു വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി അന്തരിച്ചത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു സോളമന്‍ ലെക്ലിര്‍ക്ക്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ നിരോധനം പലയിടത്തും നേരിട്ടു. അന്നും സഭയുടെ പ്രബോധനങ്ങളും വിശ്വാസ കാഴ്ചപാടുകളും ജനങ്ങളിലേക്കു എത്തിക്കുവാന്‍ വാഴ്ത്തപ്പെട്ട സോളമന്‍ ലെക്ലിര്‍ക്ക് പരിശ്രമിച്ചു.

1792-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി നടന്ന സെപ്റ്റംബര്‍ കൂട്ടക്കൊലയില്‍ 200 പേര്‍ക്കൊപ്പം വാഴ്ത്തപ്പെട്ട സോളമന്‍ ലെക്ലിര്‍ക്കും രക്തസാക്ഷിയായി.

ദൈവദാസന്‍ റാഫേല്‍ മാനുവേല്‍ അല്‍മെന്‍സാ റിയാനോയുടെ ധീര പ്രവര്‍ത്തനങ്ങള്‍ക്കും സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊളംബിയായില്‍ ആയിരുന്നു റാഫേല്‍ മാനുവേൽ ശുശ്രൂഷ ചെയ്തിരുന്നത്.

More Archives >>

Page 1 of 37