News - 2025
കത്തോലിക്ക സഭ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തും: സഭ സമൂഹത്തിന്റെ ഭാഗമാണെന്നും ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 11-05-2016 - Wednesday
മാനില: രാഷ്ട്രീയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതു കത്തോലിക്ക സഭ തുടരുമെന്നു ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ്. ഡവായോ മെയറും വിവാദ രാഷ്ട്രീയ നേതാവുമായ റോഡ്രിഗോ ഡുടെര്‍ട്ടി അധികാരത്തിലേക്ക് എത്തുമെന്ന സ്ഥിതി നിലനില്‍ക്കുമ്പോളാണു സഭയുടെ ഈ പ്രതികരണം. കുറ്റാരോപിതരായ ഒരുലക്ഷത്തില്‍ അധികം വരുന്ന ആളുകളെ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ച നേതാവാണു റോഡ്രിഗോ. ഗര്‍ഭഛിദ്രം വഴി കുടുംബാസൂത്രണത്തിനു കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന പ്രഖ്യാപനവും റോഡ്രിഗോ നടത്തിയിട്ടുണ്ട്.
"സഭയുടെ വിമര്‍ശകര്‍ പലരും തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സഭയ്ക്ക് അതിന്റെ രാഷ്ട്രീയ അഭിപ്രായം പറയാതിരിക്കുവാന്‍ സാധിക്കില്ല. സഭ സമൂഹത്തിന്റെ ഭാഗമാണ്. തങ്ങള്‍ സഭയുടെ വിശ്വാസങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ആരേയും അടിച്ചേല്‍പ്പിക്കാറില്ല. എന്നാല്‍ ക്രിസ്തുവിന്റെ സാക്ഷികളെന്ന നിലയില്‍ നാഥന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നതു സഭയുടെ കടമയാണ്. രാഷ്ട്രീയത്തിലും ദൈവഹിതമെന്താണെന്നതിനെ സംബന്ധിച്ച ഇടപെടലുകള്‍ മാത്രമേ സഭ നടത്തുകയുള്ളു". ആര്‍ച്ച് ബിഷപ്പ് സോക്രേറ്റ്‌സ് ബി. വില്ലിഗാസ് പറഞ്ഞു.
പുതിയതായി അധികാമേല്‍ക്കുന്ന റോഡ്രിഗോയുടെ നല്ല തീരുമാനങ്ങള്‍ക്കു സഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 2010-ലെ കണക്കുകള്‍ പ്രകാരം 76 മില്യണ്‍ കത്തോലിക്കാ വിശ്വാസികളാണു ഫിലിപ്പിയന്‍സില്‍ ഉള്ളത്. പത്തു ഫിലിപ്പിനോകളില്‍ എട്ടു പേരെങ്കിലും കത്തോലിക്കരാണെന്നതാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.