News

മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രിസ്തീയ ഗ്രന്ഥം ലേലത്തിന്

പ്രവാചകശബ്ദം 06-04-2024 - Saturday

ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഒരു ക്രിസ്തീയ ഗ്രന്ഥം ജൂണിൽ ലേലത്തിനുവെക്കും. പ്രാചീന കാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന പാപ്പിറസിൽ കോപ്റ്റിക് ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥമായ ക്രോസ്ബി ഷോയേന്‍ കൊഡെക്സ് ആണ് ലേലത്തിനുവെക്കാന്‍ പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റീസ് ഒരുങ്ങുന്നത്. എ‌ഡി 250-350 കാലയളവിലാണ് ഇത് എഴുതപ്പെട്ടത്. നിലവിലുള്ള ഏറ്റവും പഴക്കംചെന്ന വിശ്വാസപരമായ പുസ്തകങ്ങളിൽ ഒന്നായ ഇത്, നാലു മില്യണ്‍ ഡോളറിനടുത്ത തുകയ്ക്കു വ്യക്തികളോ സ്ഥാപനങ്ങളോ സ്വന്തമാക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാം നൂറ്റാണ്ടിലെ ആദ്യത്തെ ക്രിസ്ത്യൻ ആശ്രമങ്ങളിലൊന്നിൽ എഴുതപ്പെട്ട ഗ്രന്ഥമായാണ് ഇതിനെ കണക്കാക്കുന്നത്.

1950-കളിൽ കണ്ടെത്തിയ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരമായ ബോഡ്മർ പാപ്പിരിയുടെ ഭാഗമാണ് ഈ പുസ്തകവും. അന്ന് കണ്ടെത്തിയവയില്‍ ക്രിസ്ത്യൻ രചനകൾ, ബൈബിൾ ശകലങ്ങൾ, സാഹിത്യ രചനകള്‍ എന്നിവ ഉള്‍പ്പെട്ടിരിന്നു. മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യകാല വ്യാപനത്തിന് സാക്ഷിയെന്ന നിലയിൽ ഈ ഗ്രന്ഥത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ലേല സ്ഥാപനത്തിലെ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും സീനിയർ സ്പെഷ്യലിസ്റ്റ് യൂജെനിയോ ഡൊണാഡോണി പറഞ്ഞു.

കൈയെഴുത്തുപ്രതിയിൽ തന്നെ പത്രോസിൻ്റെ സമ്പൂർണ്ണ ലേഖനം, യോനായുടെ പുസ്തകം, ഒരു ഈസ്റ്റർ പ്രസംഗം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ ആദ്യകാല സന്യാസിമാർ ഈ പുസ്തകം ഈസ്റ്ററിനോട് അനുബന്ധിച്ച് ഉപയോഗിച്ചിരിന്നുവെന്ന് ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി ശേഖരങ്ങളില്‍ ഒന്നായ ഡോ. ഷോയെൻ്റെ ശേഖരത്തിൽ നിന്നുള്ള മറ്റ് ഭാഗങ്ങൾക്കൊപ്പമാണ് ഈ കൈയെഴുത്തുപ്രതിയും ലേലം ചെയ്യുന്നത്. നിലവില്‍ കോഡെക്സ് ക്രിസ്റ്റീസ് ന്യൂയോർക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 9 വരെ പ്രദര്‍ശനം തുടരും. ജൂൺ 11ന് ലണ്ടനിൽവെച്ചാണ് ലേലം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

More Archives >>

Page 1 of 951