News

ഭ്രൂണഹത്യയെ തള്ളി അയോവ കോടതിയുടെ വിധി: സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

പ്രവാചകശബ്ദം 03-07-2024 - Wednesday

അയോവ സിറ്റി: ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കയിലെ അയോവ സംസ്ഥാനത്തെ കത്തോലിക്കാ സഭ. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്താനാകുന്ന ഘട്ടം മുതല്‍ ഗർഭസ്ഥജീവനെ സംരക്ഷിക്കുവാന്‍ അനുശാസിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചന നല്‍കുന്നതാണ് ജൂൺ 28-ന് പുറപ്പെടുവിച്ച കോടതി വിധി. വിധിയെ അഭിനന്ദിച്ചുകൊണ്ട് അയോവയിലെ ബിഷപ്പുമാർ രംഗത്തെത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പൊതുനന്മയുടെയും മാനുഷികതയുടെയും പ്രശ്നമാണെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും നിയമങ്ങളിൽ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു.

2023-ൽ പാസാക്കിയ ഹൃദയമിടിപ്പ് ബില്‍ സംസ്ഥാന ജില്ലാ കോടതി തടഞ്ഞിരിന്നു. ഭ്രൂണഹത്യയ്ക്കു അനാവശ്യ തടസം സൃഷ്ടിക്കുന്നതിനാല്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരിന്നു ജില്ലാ കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉന്നത കോടതി വിധിക്കുകയായിരിന്നു. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന് ഹൃദയമിടിപ്പ് ആരംഭിക്കുമ്പോള്‍ അജാത ജീവനെ സംരക്ഷിക്കാനുള്ള സംസ്ഥാനത്തിൻ്റെ നിയമപരമായ താൽപര്യത്തിന് അനുകൂലമായ നിഗമനത്തില്‍ എത്തിയെന്ന് സ്റ്റേറ്റ് ജസ്റ്റിസ് മാത്യു മക്ഡെർമോട്ട് വിധിയില്‍ കുറിച്ചു.

ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നു സിയോക്‌സ് സിറ്റിയിലെ ബിഷപ്പുമാരായ വാക്കർ നിക്ക്‌ലെസ്, ഡെസ് മോയ്‌നിലെ ബിഷപ്പ് വില്യം ജോൻസൻ, ഡ്യൂബക്കിലെ ബിഷപ്പ് തോമസ് സിങ്കുല എന്നിവർ സംയുക്ത പ്രസ്താവനയില്‍ കുറിച്ചു. മനുഷ്യ ജീവനെ, പ്രത്യേകിച്ച് അമ്മയുടെ ഉദരത്തിലെ ദുർബലമായ അവസ്ഥയിലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും ഒരു സംസ്ഥാനമെന്ന നിലയിലും സമൂഹമെന്ന നിലയിലും അക്രമത്തിൽ നിന്ന് ദുർബലരായ എല്ലാ ജനവിഭാഗങ്ങളെയും സംരക്ഷിക്കാൻ പ്രവർത്തിക്കാൻ നാം സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും ബിഷപ്പുമാർ പറഞ്ഞു.

ഹൃദയമിടിപ്പ് അറിയാൻ ആരംഭിക്കുന്ന നിമിഷംമുതൽ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമാക്കി ടെക്സാസ്, ലൂസിയാന, ടെന്നസ്സി, ഒക്ലഹോമ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയിരിന്നു. നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടക്കുന്നുണ്ട്.

More Archives >>

Page 1 of 978