News

കഴിഞ്ഞ 12 മാസത്തിനിടെ എറിത്രിയയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത് 218 ക്രൈസ്തവര്‍

പ്രവാചകശബ്ദം 04-07-2024 - Thursday

അസ്മാര: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ റിലീസ് ഇൻ്റർനാഷണലിൻ്റെ ജൂലൈ 3 ലെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രൈസ്തവരെ പിടികൂടി തടങ്കലിലാക്കിയതായും പറയുന്നു. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കത്ത് സൂക്ഷിക്കുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക്, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടവിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

യേശുവിനെ പിന്തുടരുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രിസ്ത്യാനികളെ പിടികൂടിയതായി പറയപ്പെടുന്നു. ചില അറസ്റ്റുകളിൽ കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുടുംബവും ജയിലില്‍ കഴിയുന്ന അവസ്ഥകളുമുണ്ട്. കുട്ടികളില്‍ ചിലർക്ക് രണ്ട് വയസ്സ് മാത്രം പ്രായമുണ്ട്. ഇത് അംഗീകരിക്കാനാവില്ലായെന്നും എറിത്രിയൻ സർക്കാരിൻ്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും റിലീസ് ഇൻ്റർനാഷണലിൻ്റെ പ്രാദേശിക പങ്കാളി ഡോ. ബെർഹാനെ അസ്മെലാഷ് പറഞ്ഞു.

30 വർഷത്തെ യുദ്ധത്തിന് ശേഷം 1993-ലാണ് എത്യോപ്യയിൽ നിന്ന് എറിത്രിയ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ സമര നേതാവ് ഇസയാസ് അഫ്‌വർക്കി പിന്നീട് രാജ്യം ഭരിച്ചപ്പോള്‍ തുടക്കത്തിൽ ജനാധിപത്യ ഭരണമായിരിന്നെങ്കിലും

പിന്നീട് സ്വേച്ഛാധിപത്യമായി മാറി. മൂന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്ക, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്.



More Archives >>

Page 1 of 978