News - 2024

അൽഫോൻസാ: ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്തിട്ടില്ലാത്ത നിർമ്മല മനസ്സിന്റെ ഉടമ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 23

പ്രവാചകശബ്ദം 23-07-2024 - Tuesday

"മനസ്സറിവോടുകൂടി ഒരു നിസ്സാര പാപം ചെയ്തു ദൈവത്തെ ഉപദ്രവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം"- വിശുദ്ധ അൽഫോൻസാ.

ഈശോ പറഞ്ഞു: "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും" (Mt:5/8). മനസ്സിൽ കളങ്കമില്ലാത്ത പാപമില്ലാത്ത അവസ്ഥയാണ് ഹൃദയശുദ്ധി. ലോകത്തിന്റെ കളങ്കം ഏൽക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കണമെന്ന് വിശുദ്ധ യാക്കോബ് ഉപദേശിക്കുന്നു (Jac:1/27). നമ്മെ വീഴാതെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയിൽ കളങ്കരഹിതരായി സന്തോഷത്തോടെ നിർത്താനും കഴിവുള്ളവനാണ് കർത്താവ് എന്ന് വിശുദ്ധ യൂദാശ്ലീഹാ ഓർമിപ്പിക്കുന്നു.

നൈർമല്യത്തെ ഒത്തിരിയേറെ സ്നേഹിച്ച വ്യക്തിയായിരുന്നു അൽഫോൻസാമ്മ. അവളുടെ മുഖത്ത് സദാ ഒളി വീശിയിരുന്ന സൗമ്യതയും സന്തോഷവും അവളുടെ ആത്മനൈർമല്യത്തിന്റെ ബഹർസ്പൂരണം ആയിരുന്നു. ചെറുപ്പം മുതലേ വളരെ നിർമ്മലമായ ജീവിതമാണ് അൽഫോൻസാമ്മ നയിച്ചിരുന്നത്. തന്റെ ആദ്യ കുമ്പസാരത്തെപ്പറ്റി അവൾ പറയുന്നു: ഞാൻ സകല തെറ്റുകളും ഒഴിവാക്കുന്നതിന് അതീവ ശ്രദ്ധ കാണിച്ചു. എന്റെ ആദ്യ കുമ്പസാരത്തിൽ എനിക്ക് വിശേഷമായി ഒന്നും പറയാനില്ലായിരുന്നു. ഒരു വിശുദ്ധ ആകുന്നതിന് ഞാൻ ശുഷ്കാന്തിയോടെ അഭിലക്ഷിച്ചു. എന്റെ ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല എന്ന് പറയാനുള്ള തന്റേടം അൽഫോൻസാമ്മ ആർജിച്ചിരുന്നു.

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപകനായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരിക്കുന്നു: "ഒറ്റനോട്ടത്തിൽ അൽഫോൻസാമ്മയുടെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു, എന്തൊരു തേജസ് ആ മുഖത്തിന്! എന്തൊരു ചൈതന്യം! നിഷ്കളങ്കമായ നയനങ്ങൾ, ഭവ്യമായ പെരുമാറ്റം, നിഷ്കപടത വഴിഞ്ഞൊഴുകുന്ന സംസാരം, ആകർഷകമായ പുഞ്ചിരി എല്ലാം ഒത്തിണങ്ങിയതായിരുന്നു അൽഫോൻസാമ്മ". അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്നു മാമ്പഴക്കൽ റോമുളൂസ് അച്ഛൻ പറയുന്നു: "അൽഫോൻസാമ്മയുടെ കുമ്പസാരം പാപമില്ലാത്ത ഒരു കന്യകയുടെ വിശുദ്ധ വർത്തമാനങ്ങൾ ആയിരുന്നു. മുല്ലപ്പുപോലെ നിർമ്മലമായിരുന്നു ആ കന്യകയുടെ മനസ്സെന്ന് അച്ചൻ ഓർക്കുന്നു.

ഒരിക്കൽ അൽഫോൻസാമ്മയുടെ സമപ്രായക്കാരിയും സഹപാഠിയും അടുത്ത ബന്ധത്തിൽപ്പെട്ടവളുമായി ബഹുമാനപ്പെട്ട അഗസാമ്മ ഒരിക്കൽ കാണാൻ ഭരണങ്ങാനത്ത് എത്തി. എന്തോ അസ്വസ്ഥത അവളെ അലട്ടുന്നു എന്ന് മനസ്സിലാക്കി അൽഫോൻസാമ്മയോട് അഗസാമ കാരണം തിരക്കി. "എനിക്ക് അത്യാവശ്യമായി ഒന്ന് കുമ്പസാരിക്കണം". അൽഫോൻസാമ്മ പറഞ്ഞു. അതിനെന്താ വികാരിയച്ചനോട് പറഞ്ഞാൽ പോരെ കൂട്ടുകാരി ചോദിച്ചു.

അൽഫോൻസാമ്മ പറഞ്ഞു, വികാരിയച്ചൻ പറയും, ഈ അൽഫോൻസാമ്മയെ കുമ്പസാരിപ്പിക്കാൻ എന്നെക്കൊണ്ടാവില്ലെന്ന്... അഗസാമ വളരെ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. ഇവിടെ കിടന്നുകൊണ്ട് എന്താ ഇത്ര വലിയ പാപം ചെയ്തത്. അൽഫോൻസാമ്മ പറഞ്ഞു; എനിക്ക് കഴിക്കാനുള്ള ഓറഞ്ച് മുൻകൂട്ടി വാങ്ങി ശേഖരിക്കാത്തത് അടുത്ത മുറിയിൽ വച്ച് രോഗീശുശ്രൂഷകയായ സഹോദരിയെ മദർ ശകാരിക്കുന്നത് ഞാൻ കേട്ടു എനിക്ക് വല്ലാത്ത വിഷമം തോന്നി. സഹോദരി ചോദിച്ചു, അതിനു മദർ പറഞ്ഞത് ശരിയല്ലേ? അൽഫോൻസാമ്മയ്ക്ക് ഓറഞ്ച് മാത്രമല്ലേ കഴിക്കത്തുള്ളൂ. അൽഫോൻസാമ്മ പറഞ്ഞു. ഞാൻ വിഷമിച്ചത് കർത്താവിന് ഇഷ്ടപ്പെട്ടില്ല.

കർത്താവിനെ എതിരായി ഞാനപ്പോൾ മൂന്നു തെറ്റ് ചെയ്തു.

1) കർത്താവ് തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ഞാൻ കരുതേണ്ടതായിരുന്നു കരുതിയില്ല.

2) കർത്താവിന്റെ ഹിതത്തിന് ഞാൻ എതിരു നിന്നു.

3) ദൈവത്തിന്റെ പരിപാലിനിയിൽ ഞാൻ വിശ്വസിച്ചില്ല.

സ്നേഹത്തിനെതിരായ തെറ്റുകൾ ആണിവ എത്രയും വേഗം കുമ്പസാരിച്ച് രമ്യപ്പെടണം.. അന്ന് സന്ദർശനം മുറിയിൽ ഒരച്ഛൻ വന്നു അൽഫോൻസാമ്മ കുമ്പസാരിച്ചു.. അവളുടെ മുഖം തേജോമയമായി.. മനസ്സറിഞ്ഞുകൊണ്ട് നിസ്സാരമായ പാവം പോലും ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ദൈവസ്നേഹത്തിനെതിരായ തെറ്റുകൾ വന്നു പോകുന്നു എന്ന് അവളുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.

ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്തിട്ടില്ലാത്ത നിർമ്മല മനസ്സിൻ്റെ ഉടമയായ അൽഫോൻസാമ്മയുടെ മാതൃക അനുസരിച്ച് വിശുദ്ധിക്ക് ചേരാത്ത വാക്കും പ്രവർത്തികളും മനോഭാവങ്ങളും ഉപേക്ഷിച്ച് ഈ ലോകത്ത് നിർമ്മലരായി ജീവിക്കുവാൻ നമുക്ക് ആവട്ടെ. സി. റെറ്റി FCC

More Archives >>

Page 1 of 986