News - 2024

മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിലേക്ക് നിയമിച്ചു

പ്രവാചകശബ്ദം 24-07-2024 - Wednesday

വത്തിക്കാന്‍ സിറ്റി/കാക്കനാട്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തി, ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്.

ആഗോള കത്തോലിക്കാസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തിൽ പഠിച്ചു മാർപാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട സിനഡിന്റെ സമിതികളിൽ ഉള്ളത്. മാർ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാൾഡ് ഗ്രേഷ്യസ്സുമാണ് പഠനസമിതികളിൽ നിയമതരായിരിക്കുന്ന ഇന്ത്യക്കാർ. സീറോമലബാർസഭ ആഗോള സഭയായിമാറി എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആഗോള ലത്തീൻ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിൻറെ നൂതന സാധ്യതകൾ പഠിക്കാനുള്ള ഈ സമിതിയിലുള്ള മാർ ജോസഫ് സ്രാമ്പിക്കലിന്റെ നിയമനം സീറോമലബാർസഭയെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതും അഭിമാനകരവുമാണെന്നു മീഡിയാ കമ്മീഷൻ പ്രസ്താവിച്ചു.

More Archives >>

Page 1 of 986