News - 2024

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോർട്സ് മൗത്തിൽ

ഷൈമോന്‍ തോട്ടുങ്കല്‍ 05-09-2024 - Thursday

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം ഈ മാസം എട്ടാം തീയതി പോർട്സ് മൗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും. മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാന്നിധ്യത്തിൽ ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് സിറോ മലബാർ മിഷൻ ഇടവകായായി പ്രഖ്യാപിക്കപെടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴികകല്ലായി മാറും.

രൂപീകൃതമായ നാൾ മുതൽ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലയമായി പോര്ടസ്‌മൗത്ത്‌ ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ എല്ലാ തരത്തിലുമുള്ള മാർഗ നിർദേശങ്ങളുടെയും പിന്തുണടെയും ബലത്തിൽ രൂപതയുടെ വികാരി ജനറൽ ആയി സേവനം അനുഷ്ടിച്ച റവ. ഫാ. ജിനോ അരീക്കാട്ടിന്റെയും പോര്ടസ്‌മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂർത്തീകരണമാണ് ഈ ഇടവക ദേവാലയം.

ചെറുപ്പത്തിന്റെ ചുറുചുറുക്കും ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉൾക്കൊണ്ട് താൻ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങൾ എല്ലാം ഫലപ്രാപ്‌തിയിൽ എത്തിക്കുവാൻ ഫാ. ജിനോ അരീക്കാട്ടിന് സാധിച്ചുവെന്നതും പോർട്സ് മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തിൽ വിസ്മരിക്കാൻ ആകാത്ത വസ്തുതയാണ്. പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിന് ശേഷം ലിവർപൂളിൽ രൂപതയ്ക്ക് സ്വന്തമായി ഇടവകയും പിന്നീട് ന്യൂകാസിലിലും സാൽഫോർഡിലും മിഷൻ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളർച്ചക്കും പിതാവിനോട് ചേർന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എംസിബിഎസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോര്ടസ്‌മൗത്തിലെ പ്രഖ്യാപിക്കാൻ പോകുന്ന ഇടവക പ്രഖ്യാപനം.

പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത്. ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു. എല്ലാ ദിവസവും വിശുദ്ധ കുർബാനയും, നൊവേനയും നേർച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. എട്ടാം തീയതി രാവിലെ ഒൻപത് മണിക്ക് പോർട്സ് മൗത്ത് രൂപതാധ്യക്ഷൻ ബിഷപ്പ് ഫിലിപ്പ് ഈഗന്റെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും.

തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയും നടക്കും. നൂറ്റിപത്തോളം പ്രസുദേന്തിമാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. ഇടവക പ്രഖ്യാപനത്തിലേക്കും തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ്, ജിതിൻ ജോൺ എന്നിവർ അറിയിച്ചു.

More Archives >>

Page 1 of 1000