News - 2025

ക്രൈസ്തവ വിശ്വാസാധിഷ്ഠിത ചാനലുകളോട് വിവേചനം; അമേരിക്കന്‍ കമ്മീഷന്‍ യൂട്യൂബിനോട് വിശദീകരണം തേടി

പ്രവാചകശബ്ദം 14-03-2025 - Friday

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിശ്വാസാധിഷ്ഠിത ചാനലുകളോട് യൂട്യൂബ് ടിവി സ്ട്രീമിംഗ് വിഭാഗം വിവേചനം കാണിക്കുന്നുണ്ടെന്ന ആരോപണങ്ങളില്‍ ഗൂഗിളിൽ നിന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി) വിശദീകരണം തേടി. ഗ്രേറ്റ് അമേരിക്കൻ മീഡിയയുടെ ഉടമസ്ഥതയിലുള്ള വിശ്വാസാധിഷ്ഠിത ടെലിവിഷൻ ശൃംഖലയായ 'ഗ്രേറ്റ് അമേരിക്കൻ ഫാമിലി'യെ സ്ട്രീം ചെയ്യാൻ യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുമതി നിഷേധിച്ചതാണ് നടപടികളിലേക്ക് നയിച്ചിരിക്കുന്നത്. കുടുംബാധിഷ്ഠിതമായ ക്രിസ്തീയ മൂല്യങ്ങൾ തങ്ങളുടെ ഷോകളിൽ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ചാനൽ കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ ഉള്‍പ്പെടെ അനേകം ഇടങ്ങളില്‍ ലഭ്യമാണ്.

ആരോപണങ്ങളില്‍ വിശദീകരണം തേടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി. മാർച്ച് 7ന് ഗൂഗിളിനും മാതൃ കമ്പനിയായ ആൽഫബെറ്റിനും അയച്ച കത്തിൽ, വിശ്വാസാധിഷ്ഠിത പ്രോഗ്രാമിംഗിനെതിരെ വിവേചനം കാണിക്കുന്ന നയം രഹസ്യമായോ മറ്റോ ഉണ്ടെന്ന് ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നും കമ്പനി പ്രായോഗികമായി ഇത്തരത്തിലുള്ള വിവേചനത്തിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബ്രെൻഡൻ കുറിച്ചു. ഗ്രേറ്റ് അമേരിക്കൻ മീഡിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത് അയയ്ക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ക്രിസ്തീയ ധാര്‍മ്മിക നിലപാടുകളില്‍ യൂട്യൂബ് കമ്പനി അസ്വസ്ഥത കാണിക്കുന്നത് ഇതാദ്യമായല്ല. കത്തോലിക്ക പ്രസ്ഥാനങ്ങളും, മറ്റ് പ്രോലൈഫ് സംഘടനകളും പോസ്റ്റ് ചെയ്യുന്ന ഭ്രൂണഹത്യ വിരുദ്ധ വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നൽകുന്ന നയം യൂട്യൂബ് നേരത്തെ നടപ്പിലാക്കിയിരിന്നു. കോവിഡ് കാലയളവില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്ക മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1061