News - 2025

ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു

പ്രവാചകശബ്ദം 26-03-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഡോക്ടർമാര്‍ രണ്ടു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ച പശ്ചാത്തലത്തില്‍ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാൻ സന്ദർശനം മാറ്റിവെച്ചു. ജൂബിലി ആഘോഷിക്കാൻ ഏപ്രിൽ ആദ്യം വത്തിക്കാൻ സന്ദർശിക്കാൻ ബ്രിട്ടീഷ് രാജാവും രാജ്ഞിയും പദ്ധതിയിട്ടിരുന്നു. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സന്ദർശനം മാറ്റിവച്ചതായി ഇന്നലെ ചൊവ്വാഴ്ച ബ്രിട്ടീഷ് രാജകുടുംബം പ്രഖ്യാപിക്കുകയായിരിന്നു. നേരത്തെ പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച ഏപ്രിൽ 8 ന് നടത്താനായിരിന്നു നിശ്ചയിച്ചിരിന്നത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദീർഘനേരം വിശ്രമവും സുഖവും ലഭിക്കുമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍, രാജാവിന്റെയും രാജ്ഞിയുടെയും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള സന്ദർശനം പരസ്പര സമ്മതത്തോടെ മാറ്റിവച്ചിരിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പയുടെ രോഗശാന്തിക്കായി ആശംസകള്‍ അറിയിക്കുന്നതായും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിച്ചുകഴിഞ്ഞാൽ വത്തിക്കാനില്‍ അദ്ദേഹത്തെ സന്ദർശിക്കാൻ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നുണ്ടെന്നും രാജകുടുംബം വ്യക്തമാക്കി.

2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പയുമായുള്ള ചാള്‍സ് രാജകുമാരന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 88 വയസുള്ള ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കഴിഞ്ഞ ഞായറാഴ്ച 38 ദിവസത്തിനു ശേഷമാണ് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിയത്.

More Archives >>

Page 1 of 1064