News

'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

പ്രവാചകശബ്ദം 27-03-2025 - Thursday

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്” ഓഗസ്റ്റിൽ നിർമ്മാണം ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ സിഇഒ മാനുവേല കാസിയാമനി. മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത് ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന അടുത്ത ചിത്രമായ ‘ദി റിസറക്ഷൻ ഓഫ് ക്രൈസ്റ്റ്’ ഈ വരുന്ന ഓഗസ്റ്റിൽ ഇറ്റലിയിലെ സിനിസിറ്റയിൽ ചിത്രീകരിക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും ഇതിന് വലിയ ഒരുക്കങ്ങള്‍ ആവശ്യമാണെന്നും ഇറ്റാലിയൻ പത്രമായ ഇൽ സോൾ 24 ഓറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പോഡ്‌കാസ്റ്റ് അവതാരകനായ ജോ റോഗനുമായുള്ള അഭിമുഖത്തിൽ സംവിധായകന്‍ ഗിബ്‌സൺ പ്രതീക്ഷ പ്രകടിപ്പിച്ചു. സംഭവക്കഥ ശരിയായി പറയാൻ മാലാഖമാരുടെ പതനത്തിൽ നിന്ന് ആരംഭിക്കണമെന്ന് കരുതുകയാണെന്നു അദ്ദേഹം പറഞ്ഞു. അത് എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ചിത്രീകരിക്കുന്ന രീതിയില്‍ ആളുകളിൽ വിഷയവും വികാരങ്ങളും എങ്ങനെ ഉണർത്താമെന്നും ആശയങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. വളരെക്കാലമായി ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇത് എളുപ്പമായിരിക്കില്ല, ഇതിന് ധാരാളം ആസൂത്രണം ആവശ്യമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് പൂർണ്ണമായും ഉറപ്പില്ല; പക്ഷേ താന്‍ അത് ചെയ്യാൻ ശ്രമിക്കുമെന്നും മെൽ ഗിബ്‌സൺ പറഞ്ഞു.

യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസലിനെ യേശുവായി വീണ്ടും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സി‌ജി‌ഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നും ഗിബ്സൺ പങ്കുവെച്ചു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’. ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1064