News
ഡിജിറ്റല്‍ മീഡിയയ്ക്കു നോമ്പ്; നാളെ പ്രത്യേക ആചരണം നടത്താന്‍ അമേരിക്കന്‍ രൂപത
പ്രവാചകശബ്ദം 27-03-2025 - Thursday
വിർജീനിയ: അമേരിക്കന്‍ തലസ്ഥാനമായ വിർജീനിയയിലെ അർലിംഗ്ടൺ രൂപതയില്‍ ഡിജിറ്റല്‍ മീഡിയ നോമ്പില്‍ പങ്കുചേരാന്‍ സഭാനേതൃത്വത്തിന്റെ ആഹ്വാനം. നാളെ മാർച്ച് 28ന്, രൂപതയില്‍ "ഡയോസിഷ്യന്‍ ഡേ ഓഫ് അൺപ്ലഗ്ഗിംഗ്" എന്ന പേരില്‍ ഡിജിറ്റൽ മീഡിയ ഉപവാസം നടത്തുവാനാണ് സഭാനേതൃത്വം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മൊബൈല്‍ സ്ക്രീൻ സമയം അഥവാ ഡിജിറ്റൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം മനഃപൂർവ്വം ഒഴിവാക്കി നോമ്പുകാല ഉപവാസ അച്ചടക്കമായി ആചരിക്കുവാനും അങ്ങനെ ദൈവത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ഈ അമേരിക്കന്‍ രൂപത തീരുമാനിച്ചിരിക്കുന്നത്.
മിക്ക ആളുകളും ഒരു ദിവസം രണ്ട് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടെന്ന പഠനത്തെ ചൂണ്ടിക്കാണിച്ച സഭാനേതൃത്വം, ഇത് അനേകം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും പറഞ്ഞു. ദൈവത്തോടൊപ്പമുള്ളതിനേക്കാൾ കൂടുതൽ സമയം നമ്മുടെ ഉപകരണങ്ങൾക്കൊപ്പമാണോ നമ്മൾ ചെലവഴിക്കുന്നത്? നമ്മുടെ സമൂഹങ്ങൾക്കുള്ളിൽ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടോ? നാം ഭക്ഷണത്തിൽ നിന്നോ ആഡംബരങ്ങളിൽ നിന്നോ ഉപവസിക്കുമ്പോൾ, ദൈവത്തിനായി നാം ഇടം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ ഉപവാസം ദൈവത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും അവിടുന്നുമയുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. നമ്മുടെ സമൂഹങ്ങളിൽ പരസ്പരം ബന്ധങ്ങൾ പുതുക്കാനും ഉപവാസം നമ്മെ ക്ഷണിക്കുന്നു. മാർച്ച് 28ന് സ്ക്രീൻ സമയത്തിന് പകരം ഏർപ്പെടാനുള്ള ബദൽ പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങളും രൂപത പുറപ്പെടുവിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കൽ, ദിവ്യകാരുണ്യത്തിന് മുന്നില്‍ ഒരു വിശുദ്ധ മണിക്കൂർ ആചരണം, ഒരാൾക്കോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കോ വേണ്ടി ജപമാലയോ ദിവ്യകാരുണ്യ ജപമാലയോ സമര്‍പ്പിക്കല്‍, വിശുദ്ധ ബൈബിള്‍/ മതബോധനഗ്രന്ഥം / ആത്മീയ പുസ്തകം വായിക്കൽ, കുരിശിന്റെ വഴിയില്‍ പങ്കുചേരല്‍ എന്നിവ ഉൾപ്പെടെയുള്ള ആത്മീയകൃത്യങ്ങളില്‍ പങ്കുചേരുന്നതു അനുഗ്രഹപ്രദമാണെന്നും രൂപത പ്രസ്താവിച്ചു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?