News

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാന്‍; പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം

പ്രവാചകശബ്ദം 28-03-2025 - Friday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന തിരുക്കര്‍മ്മങ്ങളുടെ ഔദ്യോഗിക സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതേസമയം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബൈലാറ്ററല്‍ ന്യൂമോണിയ ബാധിച്ച് 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഞായറാഴ്ചയാണ് പാപ്പയെ ഡിസ്ചാർജ് ചെയ്തത്. കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പാപ്പയുടെ നേരിട്ടുള്ള സാന്നിധ്യത്തിന് സാധ്യത വിരളമാണെന്നാണ് സൂചന.

ഏപ്രിൽ 13 ഓശാന ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 9:30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന നടക്കും. ഈ സമയത്ത് വിശുദ്ധ തൈലങ്ങൾ കൂദാശ ചെയ്യുകയും വൈദികര്‍ തങ്ങളുടെ പൗരോഹിത്യ വ്രതം പുതുക്കുകയും ചെയ്യും.

മുൻ വർഷങ്ങളിൽ, അന്ത്യഅത്താഴത്തിന്റെയും ദിവ്യകാരുണ്യ സ്ഥാപനത്തിന്റെയും സ്മരണയ്ക്കായി, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ നിന്ന് റോമിലെ ജയിലിലേക്ക് യാത്ര ചെയ്തു, തടവുപുള്ളികളുടെ പാദങ്ങൾ കഴുകിയിരുന്നു. ഇത്തവണ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫ്രാന്‍സിസ് പാപ്പ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. എങ്കിലും വത്തിക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർത്താവിന്റെ പീഡാനുഭവ ദിനം അനുസ്മരിച്ചു തിരുക്കര്‍മ്മങ്ങള്‍ നടക്കും.

ഏപ്രിൽ 19 ദുഃഖ ശനിയാഴ്ച, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തന്നെ ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഏപ്രിൽ 20, ഈസ്റ്റർ ഞായറാഴ്ച, രാവിലെ 10:30 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ദിവ്യബലിയോടെ കർത്താവിന്റെ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടും. തിരുക്കര്‍മ്മങ്ങളില്‍ നേരിട്ടു പങ്കാളിത്തം ഉണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും ഈസ്റ്റര്‍ ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദം പാപ്പ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1065