News - 2025

യുക്രൈന് വീണ്ടും വത്തിക്കാന്റെ കരുതല്‍; നാല് ആംബുലൻസുകൾ കൂടി നൽകി

പ്രവാചകശബ്ദം 08-04-2025 - Tuesday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കനത്ത വെല്ലുവിളികള്‍ നേരിടുന്ന യുക്രൈനിൽ ആരോഗ്യ പരിപാലനത്തിനും, അടിയന്തിര സഹായങ്ങൾക്കും വേണ്ടി വത്തിക്കാൻ നാല് ആംബുലൻസുകൾ കൂടി കൈമാറി. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി വാഹനങ്ങൾ നൽകുന്നതിനായി യുക്രൈനിൽ എത്തിച്ചേർന്നു.

ജീവന്റെ വാതിലുകൾ യേശു നമ്മുടെ ജീവിതത്തിൽ തുറക്കുമ്പോൾ അതിനെ കൊട്ടിയടക്കുന്നതാണ് ഇന്ന് ലോകത്ത് പടർന്നുപിടിച്ചിരിക്കുന്ന യുദ്ധങ്ങളെന്നു ഫ്രാൻസിസ് പാപ്പ 2024-ലെ ഈസ്റ്റർ ദിനത്തിൽ ഊർബി എത്ത് ഓർബി സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞിരിന്നു. ഈസ്റ്ററിന്റെ പ്രകാശം അന്ധകാരത്തിന്റെ നിഴലുകളാൽ മറക്കപ്പെടുന്ന ഈ ദിനങ്ങളിൽ പുതിയൊരു ജീവിതത്തിന്റെ അടയാളമായിട്ടാണ് ആംബുലൻസുകൾ യുക്രൈനിലെ സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി നൽകുവാൻ പാപ്പ ആഗ്രഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു.

മനുഷ്യ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്നവയാണ് ഈ ആംബുലൻസുകൾ. ദീർഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങൾ, ജനറേറ്ററുകള്‍, വസ്ത്രങ്ങള്‍, സാമ്പത്തിക സഹായം ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ വത്തിക്കാന്‍ നേരത്തെ യുക്രൈന് കൈമാറിയിരിന്നു.സംഘർഷത്താൽ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളോടൊപ്പം നിൽക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും പ്രത്യാശയുടെ തീർത്ഥാടനത്തിനു ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, ഫ്രാൻസിസ് പാപ്പയുടെ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

More Archives >>

Page 1 of 1070