News - 2024

ഫിലിപ്പീന്‍സിന് പുറത്തു താമസിക്കുന്ന വിശ്വാസികള്‍ക്ക് മരിച്ചുപോയ പ്രിയപ്പെട്ടവരെ സ്മരിക്കാന്‍ 'വിര്‍ച്വല്‍ സെമിത്തേരി' സൗകര്യം

സ്വന്തം ലേഖകന്‍ 31-10-2016 - Monday

മനില: രാജ്യത്തിന് പുറത്തു താമസിക്കുന്ന ഫിലിപ്പിന്‍ ക്രൈസ്തവര്‍ക്ക്, തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇന്റര്‍നെറ്റ് വഴി പ്രത്യേക സംവിധാനം ഒരുക്കി. 'വിര്‍ച്വല്‍ സെമിത്തേരി' എന്ന പേരില്‍ ആണ് ഈ പ്രത്യേക സംവിധാനം അറിയപ്പെടുന്നത്. ഫിലിപ്പിന്‍സ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന് കീഴിലാണ് ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുന്നത്.

നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ഫിലിപ്പിന്‍സ് ജനത ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. സകല വിശുദ്ധരുടെയും, സകല മരിച്ച വിശ്വാസികളുടെയും ദിനങ്ങളായി സഭ ആചരിക്കുന്നതും ഈ ദിവസങ്ങളിലാണ്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ വിശ്വാസികള്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി നടത്തും.

സെമിത്തേരിയിലുള്ള കല്ലറകളുടെ അറ്റകുറ്റപണികള്‍ ഇതിനു മുമ്പേ നടത്തപ്പെടും. മെഴുകുതിരികള്‍ കത്തിച്ചും, പൂക്കള്‍ കൊണ്ട് പ്രത്യേക രീതിയില്‍ അലങ്കരിച്ചും വിശ്വാസികള്‍ കല്ലറകളെ മനോഹരമാക്കും. പ്രത്യേക കുര്‍ബാനകളും, പ്രാര്‍ത്ഥനയും ഈ ദിനങ്ങളില്‍ നടത്തപ്പെടും. ഇരുദിനങ്ങളും ഫിലിപ്പിന്‍സില്‍ ദേശീയ അവധി ദിനം കൂടിയാണ്.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്മരിക്കുന്നതിനും മരിച്ചുപോയവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നതിനു വേണ്ടിയും 'വിര്‍ച്വല്‍ സെമിത്തേരി' സൗകര്യത്തിലൂടെ സാധിയ്ക്കും.

2011-ലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു ഫിലിപ്പീന്‍സ് നിവാസികളാണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഒരുക്കിയിരിക്കുന്ന സൗകര്യം കത്തോലിക്കരായ വിശ്വാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ കുര്‍ബാനകള്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ചാപ്പലില്‍ നവംബര്‍ ഒന്നിനാണ് അര്‍പ്പിക്കുക.

More Archives >>

Page 1 of 99