News - 2024
വരാപ്പുഴ അതിരൂപതയുടെ പുതിയ ഇടയനായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 31-10-2016 - Monday
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം. വരാപ്പുഴയുടെ ആറാമത് ആർച്ച് ബിഷപ്പാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നിയമന ഉത്തരവ് വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി.
വരാപ്പുഴ അതിരൂപതാംഗമായ ജോസഫ് കളത്തിപ്പറപ്പില്‍, വടുതല ഇടവകയിലെ കളത്തിപ്പറമ്പിൽ അവറാച്ചന്റെയും ത്രേസ്യയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി 1952 ഒക്ടോബർ ആറാം തീയതിയാണ് ജനിച്ചത്. 1965-ൽ വരാപ്പുഴ അതിരൂപത മൈനർ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. തിരുച്ചിറപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.
1978 - മാർച്ച് 13നു വൈദികപട്ടം സ്വീകരിച്ചു. 1989-ല്‍ വരാപ്പുഴ അതിരൂപതയുടെ ചാന്‍സലറായി. 1996-ല്‍ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. റോമിലെ സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയിരിന്നു. 1989-ല്‍ ചേംബര്‍ ലെയ്ന്‍ ടു ദ ഹോളിഫാദര്‍ എന്ന മോണ്‍സിഞ്ചോര്‍ പദവി വഹിച്ചു. 2001 ജനവരി 31ന് ഫിലേറ്റ് ഓഫ് ഓണര്‍ പദവി നല്‍കി മാര്‍പ്പാപ്പ ആദരിച്ചു. 2002-ലാണ് കോഴിക്കോട് മെത്രാനായത്.
2011 ഫെബ്രുവരി 22നു വത്തിക്കാനിൽ കുടിയേറ്റക്കാർക്കും ദേശാടകർക്കുമുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരിൽ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗമാണിത്. വത്തിക്കാനിലെ ഒരു മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി ഡോ.ജോസഫ് കളത്തിപ്പറമ്പിലായിരിന്നു.