News - 2024

ചൈനയില്‍ അനുമതിയില്ലാതെ ബിഷപ്പ് സ്ഥാനാരോഹണം; സംഭവത്തെ അപലപിച്ച് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 08-11-2016 - Tuesday

വത്തിക്കാന്‍: ചൈനയിലെ ഭൂഗര്‍ഭ സഭ പുതിയതായി ഒരു ബിഷപ്പിനെ വാഴിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് വത്തിക്കാന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരം ഒരു റിപ്പോര്‍ട്ട് വാസ്തവമാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുമ്പോഴും, വാര്‍ത്ത സത്യമാണെങ്കില്‍ ഭൂഗര്‍ഭ സഭയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് അറിയിച്ചു. ഇന്നലെയാണ് ഇതു സംബന്ധിക്കുന്ന പത്രകുറിപ്പ് വത്തിക്കാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

"ചൈനയിലെ ഭൂഗര്‍ഭ സഭയ്ക്ക് ബിഷപ്പുമാരെ നിയമിക്കുവാനുള്ള ഒരു അനുമതിയും വത്തിക്കാന്‍ നല്‍കിയിട്ടില്ല. എന്നാല്‍, ചൈനയില്‍ ഒരു വിഭാഗം, അനുമതികള്‍ ഒന്നും ലഭിക്കാതെ തന്നെ ബിഷപ്പുമാരെ വാഴിച്ചതായി അറിയുന്നു. ഈ വാര്‍ത്തയ്ക്ക് വ്യക്തതയില്ലെങ്കിലും ഇത്തരം ഒരു കാര്യം സത്യമാണെങ്കില്‍ വത്തിക്കാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. അനുമതിയില്ലാതെ ബിഷപ്പുമാരെ നിയമിക്കുന്നത് കാനോന്‍ നിയമത്തിന്റെ ലംഘനമാണ്". പത്രകുറിപ്പില്‍ ഗ്രെഗ് ബര്‍ക്ക് പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഫാദര്‍ ഡോങ് ഗുവാന്‍ ഹുവാ എന്ന വൈദികന്‍ സ്വയംപ്രഖ്യാപിത ബിഷപ്പായി സ്ഥാനാരോഹണം നടത്തുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഷപ്പ് കാരീമിറസ് വാംങ് മിലൂവാണ് ഫാദര്‍ ഡോങ് ഗുവാന്‍ ഹുവായെ ബിഷപ്പായി വാഴിച്ചത്. ഭൂഗര്‍ഭ സഭകളുടെ സംരക്ഷണത്തിനും വിശ്വാസികളുടെ ഐക്യത്തിനും സംരക്ഷണത്തിനും പുതിയ ബിഷപ്പ് വേണമെന്ന്‍ ഫാദര്‍ ഡോങ് ഗുവാന്‍ ഹുവാ വാദിക്കുകയായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇതിന് പിന്നിലുള്ള സത്യം ഇനിയും വ്യക്തമല്ല.

ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ചൈനീസ് സര്‍ക്കാര്‍ തന്നെ ഇടപെട്ട് നടത്തിയ ചില ഗൂഢനീക്കങ്ങള്‍ ആയിരിന്നുവെന്നാണ് ഒരു വിഭാഗം കത്തോലിക്ക വിശ്വാസികള്‍ കരുതുന്നത്. ഭൂഗര്‍ഭ സഭയും, ചൈനയിലെ ഔദ്യോഗിക സഭയും തമ്മില്‍ പ്രശ്‌നങ്ങളും, അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ അവര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ബിഷപ്പുമാര്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ വത്തിക്കാനും, ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശക്തമായി പുരോഗമിക്കുമ്പോഴാണ് രാജ്യത്ത് ഇത്തരം ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

More Archives >>

Page 1 of 102