News - 2024

തന്റെ ആഴമായ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞു നിയുക്ത യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്

സ്വന്തം ലേഖകന്‍ 11-11-2016 - Friday

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സ് തന്റെ ആഴമായ ക്രിസ്തീയ വിശ്വാസം തുറന്ന് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പേ പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് മൈക്ക് പെന്‍സ് തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞത്.

ഇലക്ഷന്‍ ഫലം പുറത്തു വന്നതോടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരിന്നു. ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച താന്‍ ക്രിസ്തുവിനെ വ്യക്തിപരമായി ഉള്ളിലേക്ക് സ്വീകരിച്ചത് തന്റെ കോളജ് പഠനകാലത്തായിരുന്നുവെന്ന് പെന്‍സ് വീഡിയോയിലൂടെ പറയുന്നു.

"ക്രിസ്തുവിനെ എന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചത് കോളജില്‍ ചേര്‍ന്ന വര്‍ഷമാണ്. യേശുവിനെ ഹൃദയത്തിലേക്ക് സ്വീകരിച്ച ആ രാത്രിയില്‍ സന്തോഷവും സമാധാനവും എന്റെ ഹൃദയത്തിലേക്ക് വന്നു നിറഞ്ഞു. ക്രൂശിലുള്ള സന്തോഷമെന്താണെന്ന് എനിക്ക് അന്ന് രാത്രി മനസിലാക്കുവാന്‍ സാധിച്ചു. നമ്മുടെ രാജ്യത്തിന്റെ ശക്തി നമ്മുടെ ദൈവത്തിലുള്ള കൂട്ടായ വിശ്വാസമാണ്. നൂറ്റാണ്ടുകളായി വിശ്വാസത്തിന്റെ പാതയിലൂടെയുള്ള പ്രയാണമാണ് നമ്മേ ഈ നിലയിലേക്ക് വളര്‍ത്തിയത്".

"നമ്മുടെ രാജ്യത്തിനു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ദൈവമേ നീ ഞങ്ങളുടെ പക്ഷത്തുണ്ടാകണമേ എന്നാകരുത് നമ്മുടെ പ്രാര്‍ത്ഥന. മറിച്ച്, ദൈവമേ ഞങ്ങള്‍ നിന്റെ പക്ഷത്തായിരിക്കേണമേ എന്നതായിരിക്കണം". പെന്‍സ് വീഡിയോയില്‍ പറയുന്നു.

ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്ലും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ബില്ലും കൊണ്ടുവരുവാനുള്ള നടപടികളിലൂടെ ശ്രദ്ധേയനാണ് മൈക്ക് പെന്‍സ്. ആഴമായ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയായ മൈക്ക് പെന്‍സിന്റെ പ്രവര്‍ത്തനം ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

More Archives >>

Page 1 of 104