News - 2024

അധികാരമോഹം ദൈവത്തെ സേവിക്കുവാനുള്ള പാതയിലെ തടസമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

വത്തിക്കാന്‍: അധികാര മോഹവും, അവിശ്വസ്തതയും ദൈവീക സേവനത്തില്‍ നിന്നും നമ്മേ മാറ്റി നിര്‍ത്തുന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡോമസ് സാങ്‌തെ മാര്‍ത്തേ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവീക സേവനത്തിന്റെ ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസംഗമാണ് പാപ്പ ഇന്നലെ നടത്തിയത്.

"നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസന്‍മാരെ പോലെ സേവനം ചെയ്യുവാന്‍ തയ്യാറാകണമെന്നാണ് യേശു പഠിപ്പിക്കുന്നത്. അധികാരത്തോടുള്ള അമിതമായ താല്‍പര്യം ദൈവത്തെ സേവിക്കുവാനുള്ള പാതയിലെ തടസമാണ്. ഇത്തരം ഒരു ആഗ്രഹം നമ്മില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതിന് നാം ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കണം. മിക്കവര്‍ക്കും പലരുടെയും മേല്‍ ആധിപത്യവും അധികാരവും വേണമെന്ന ആഗ്രഹമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു അവസ്ഥ ഏറെ അപകടം സൃഷ്ടിക്കുന്നതാണ്". പാപ്പ പറഞ്ഞു.

ദൈവത്തെ സേവിക്കുവാന്‍ താല്‍പര്യപ്പെടുന്നവരുടെ വഴിയിലെ മറ്റൊരു പ്രധാന തടസം അവിശ്വസ്തതയാണെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. അവിശ്വസ്തരായ മനുഷ്യര്‍ ഒരു മത്സരത്തിലെ രണ്ടു ടീമുകള്‍ക്കു വേണ്ടിയും കളിക്കുന്നവരെ പോലെയാണെന്നും പാപ്പ ഉപമിച്ചു. അവിശ്വസ്തരായവര്‍ ദൈവത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോള്‍ തന്നെ, ദൈവീക വിരുദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പിതാവ് പറഞ്ഞു. അധികാരത്തോട് താല്‍പര്യമുള്ളവര്‍ തന്നെയാണ് അവിശ്വസ്തരായി പിന്നീട് മാറുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു.

"നമ്മുക്ക് വിശ്വസ്തതയോടും, സന്തോഷത്തോടും കൂടി ദൈവത്തെ സേവിക്കാം. അതിനായി നമുക്ക് ആവശ്യം അവിടുത്തെ കൃപയാണ്. ഈ ദാനമില്ലാതെ നമുക്ക് ഒന്നും ചെയ്യുവാന്‍ സാധ്യമല്ല. കൃപയ്ക്ക് തടസമായി നില്‍ക്കുന്ന അധികാരത്തേയും, അവിശ്വസ്തതയേയും നാം മാറ്റി നിര്‍ത്തണം. അപ്പോള്‍ നമുക്ക് ദൈവത്തെ ദാസന്‍മാരെ പോലെയല്ല, മറിച്ച് മക്കളേ പോലെ സേവിക്കുവാന്‍ സാധിക്കും". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 103