News - 2024

യാഥാസ്ഥിതികരായ ക്രൈസ്തവരും, മുസ്ലീം തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

ലണ്ടന്‍: യാഥാസ്ഥിതികരായ ക്രൈസ്തവരും മുസ്ലീം തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ. മുസ്ലീം തീവ്രവാദികളേയും, പരമ്പരാഗത യാഥാസ്ഥികരായ ഇവാഞ്ചലിസ്റ്റ് ക്രൈസ്തവരേയും ഒരേ കണ്ണിലൂടെ നോക്കി കാണുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മതങ്ങളുടെ കാര്യങ്ങളില്‍ അറിവില്ലാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരോട് സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ ആര്‍ച്ച്ബിഷപ്പ് വെല്‍ബീ രംഗത്തു വന്നത്. "നമ്മുടെ സര്‍ക്കാര്‍ മതപരമായ മേഖലയിലേക്ക് കടന്ന് ചില നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വിഷയത്തില്‍ ഇവര്‍ക്ക് യാതോരറിവും ഇല്ലെന്നതാണ് വസ്തുത. മതപരമായ വിശ്വാസം ആഴത്തില്‍ വേരോടിയ ഒരു സമൂഹത്തില്‍ നിന്നും തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങളേയും അവരുടെ സംഘടനകളേയും വേറിട്ട് കാണുവാൻ അവര്‍ക്ക് സാധിക്കുന്നില്ല. എല്ലാവരേയും അവര്‍ ഒരേ ഗണത്തിലേക്കാണ് കൂട്ടിയിരിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് വെല്‍ബീ പറഞ്ഞു.

'ക്രിസ്തു ഏക രക്ഷകനാണ്' എന്ന സന്ദേശം പ്രഘോഷിക്കുന്നത് തീവ്രവാദമാണെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നത്. ചില ക്രിസ്ത്യാനികൾ പോലും ഇത്തരം തെറ്റായ ചിന്താഗതി പിന്തുടരുന്നവരാണ്. 'ഭൂമിയുടെ അതിർത്തികൾ വരെ സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക' എന്ന കർത്താവിന്റെ കല്പന അനുസരിച്ച് 'ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ' എന്നു പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. ഇതിനെ തീവ്രവാദമായി കരുതുന്നത് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ പറഞ്ഞതുപോലെ 'അറിവില്ലായ്മ' കൊണ്ടാണന്നുള്ള സത്യം നാം തിരിച്ചറിയണം.

More Archives >>

Page 1 of 103