News - 2024

കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന് ഞായറാഴ്ച സമാപനം

സ്വന്തം ലേഖകന്‍ 15-11-2016 - Tuesday

വത്തിക്കാന്‍: കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വര്‍ഷം ഈ ഞായറാഴ്ച സമാപിക്കും. സഭാ മക്കളും ലോകം മുഴുവനും കാരുണ്യത്തിന്റെ വക്താക്കളാകുവാന്‍ 2015 ഡിസംബര്‍ മാസം എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയത്തിലും, മറ്റു ദേവാലയങ്ങളിലും പ്രഖ്യാപനത്തെ തുടര്‍ന്ന് കരുണയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. കാരുണ്യത്തിന്റെ വലിയ ഇടയനായ ക്രിസ്തുവിന്റെ സന്ദേശം സഭയിലൂടെ ലോകത്തിലേക്ക് ഒരു വര്‍ഷക്കാലം ഇടമുറിയാതെ ഒഴുകി.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ താന്‍ തുറന്നു നല്‍കിയ വിശുദ്ധ വാതിലൂടെ പ്രവേശിക്കുന്നവര്‍ക്ക്, ദണ്ഡവിമോചനം ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു. നവ സുവിശേഷവല്‍ക്കരണത്തിന്റെ വത്തിക്കാന്‍ സമിതിയുടെ നേതൃത്വത്തിലാണ് റോമിലും, ലോകമെമ്പാടും കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം ആഘോഷിക്കപ്പെട്ടത്. സമിതിയുടെ പ്രസിഡന്റായ മോണ്‍സിഞ്ചോര്‍ റിനോ ഫിസിസെലാ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 20.4 മില്യണ്‍ ആളുകള്‍ റോമില്‍ സംഘടിപ്പിച്ച വിവിധ ജൂബിലി പരിപാടികള്‍ പങ്കെടുത്തു.

ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലെ വിവിധ ദേവാലയങ്ങളില്‍ തുറന്നു നല്‍കിയ കരുണയുടെ കവാടങ്ങള്‍ ഇക്കഴിഞ്ഞ 13-ാം തീയതി ഞായറാഴ്ച അടച്ചു. ഇതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലെ കരുണയുടെ വാതിലുകളും അടയ്ക്കുന്ന ചടങ്ങുകള്‍ നടത്തപ്പെട്ടു. സെന്റ് പോള്‍, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരീസ് മേജര്‍ എന്നീ ബസലിക്കകളില്‍ തുറന്നു നല്‍കിയിരുന്ന വിശുദ്ധ വാതിലുകളാണ് 13-ാം തീയതി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ ബലിക്കും ശേഷം അടച്ചത്.

സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ കരുണയുടെ വാതില്‍ അടയ്ക്കുന്നതിനു മുമ്പായി നടന്ന വിശുദ്ധ ബലിക്ക് കര്‍ദിനാള്‍ അഗസ്റ്റീനോ വാലിനി മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിധി മനുഷ്യരുടെ കരങ്ങളിലല്ലെന്നും, അത് ദൈവത്തിന്റെ കാരുണ്യത്തില്‍ ആണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്നും കരുണയുടെ ജൂബിലി വര്‍ഷം വിളമ്പരം ചെയ്യുന്നതായി കര്‍ദിനാള്‍ വാലിനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

"കാരുണ്യം ലഭിക്കുക എന്ന അവസ്ഥയെ ഒരു കീഴടങ്ങലായോ, ബലഹീനതയായോ ഒരിക്കലും കാണുവാന്‍ സാധിക്കില്ല. മറിച്ച് ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ ശക്തമായ പ്രകടനമാണ് കാരുണ്യം ലഭിക്കുന്നവര്‍ നേടുന്നത്. ബലഹീനതയില്‍ നിന്നും വീഴ്ച്ചയില്‍ നിന്നും ദൈവം തന്റെ കാരുണ്യത്തിലൂടെ നമ്മേ എടുത്ത് ഉയര്‍ത്തുകയാണ്". കര്‍ദിനാള്‍ അഗസ്റ്റീനോ വാലി പറഞ്ഞു.

കരുണയുടെ ജൂബിലി വര്‍ഷത്തില്‍ നിരവധി പരിപാടികളാണ് വത്തിക്കാനിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തപ്പെട്ടത്. ദൈവപിതാവിന്റെ കാരുണ്യം വിവിധ പ്രവര്‍ത്തികളിലൂടെ സഹജീവികളിലേക്ക് എത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടികള്‍ എല്ലാം സംഘടിപ്പിക്കപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച 'കരുണയുടെ വെള്ളി' എന്ന ആശയം ഏറെ ശ്രദ്ധയും പുകഴ്ച്ചയും പിടിച്ച പറ്റിയ ഒരു കാരുണ്യപ്രവര്‍ത്തനമായി മാറി.

ഓരോ മാസത്തിലേയും ആദ്യ വെള്ളിയാഴ്ച നിരാലംബര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടി പാപ്പ തന്റെ സമയം ചെലവഴിച്ചു. ഇതില്‍ രോഗികളും, ലൈംഗീക അരാചകത്വം നേരിടേണ്ടിവന്നവരും, പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുന്നവരും, അഭയാര്‍ത്ഥികളുമെല്ലാം ഉള്‍പ്പെട്ടു. ഇത്തരം അവസ്ഥയിലുള്ളവരോട്, ലോകം മുഴുവനുമുള്ള വിശ്വാസികളും കാരുണ്യപൂര്‍വ്വമുള്ള സമീപനം സ്വീകരിക്കുവാന്‍ പാപ്പയുടെ പ്രവര്‍ത്തി വഴിതെളിച്ചു. പ്രസംഗിക്കുന്ന സുവിശേഷത്തെ, കാരുണ്യത്തിന്റെ പ്രവര്‍ത്തിയിലൂടെ പാപ്പ ഈ വര്‍ഷത്തില്‍ വിശ്വാസ സമൂഹത്തിന് അധികമായി കാണിച്ചു നല്‍കി പുതിയ മാതൃകയായി.

ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരം വാര്‍ഷികം ആഘോഷിച്ച 2000-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ അസാധാരണ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. പുതിയ നൂറ്റാണ്ട് ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ പ്രഖ്യാപനത്തിന് കാരണമായി.

കരുണയുടെ വര്‍ഷത്തിന്റെ സമാപന ദിനമായ ഈ വരുന്ന ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കരുണയുടെ വാതില്‍ അടയ്ക്കുന്നതോടെ അസാധാരണ ജൂബിലി വര്‍ഷത്തിന് സഭയില്‍ ഔദ്യോഗിക പരിസമാപ്തിയാകും.

More Archives >>

Page 1 of 105