News - 2024

ക്രൂശിതരൂപം വീട്ടില്‍ സൂക്ഷിച്ചതിന് ചൈനീസ് ക്രൈസ്തവര്‍ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനം

സ്വന്തം ലേഖകന്‍ 14-11-2016 - Monday

ബെയ്ജിംഗ്: ക്രൂശിത രൂപം വീടിനു പുറത്തു തൂക്കിയിട്ടതിനെ തുടര്‍ന്ന് ചൈനയിലെ ക്രൈസ്തവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനം. ഹനാന്‍ പ്രവിശ്യയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ക്രൂശിത രൂപം ഭവനത്തിനു വെളിയില്‍ തൂക്കിയിട്ടതിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയ ശേഷം വീടിന്റെ ഉടമസ്ഥരെ മര്‍ദിച്ചത്. തങ്ങളുടെ രോഷം ഇതിലും തീരാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടിയ ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു മര്‍ദിക്കുകയായിരിന്നുവെന്ന് 'എക്സ്പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഹനാന്‍ പ്രവിശ്യയിലെ നാന്‍ലെയിലാണ് സംഭവം നടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി അതിക്രൂരമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഹൗസ് ക്രിസ്ത്യന്‍ അലയന്‍സി'ന്റെ പ്രസിഡന്റായ പാസ്റ്റര്‍ സാംങ് മിന്‍ഗ്‌സുവാംങ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ ശക്തമായി അപലപിച്ചു. "വിഷയത്തില്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ ആവശ്യപ്പെടുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങള്‍ക്കും എതിരാണ് നാന്‍ലെയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം. ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള അക്രമണം ഈ പ്രദേശത്ത് പതിവായിരിക്കുകയാണ്". പാസ്റ്റര്‍ സാംങ് മിന്‍ഗ്‌സുവാംങ് പറഞ്ഞു.

അതേ സമയം സിംങ്ജിയാംഗ് പ്രവിശ്യയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യയിലെ ഡായി- ലീ ദമ്പതിമാരുടെ വീട്ടിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂശിതരൂപത്തിന് വേണ്ടി തിരച്ചില്‍ നടത്തിയത്. ഡായിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചെങ്കിലും, ഇയാളുടെ ഭാര്യയായ ലീ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്.

ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവര്‍ക്ക് കര്‍ശനമായ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രൂശിതരൂപം സ്വന്തം ഭവനങ്ങളില്‍ പോലും വണങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വിശ്വാസികള്‍. പാട്ടുകള്‍ പാടുവാനും, പൊതുസ്ഥലങ്ങളില്‍ കൂടിവന്ന ശേഷം ആരാധന നടത്തുവാനുമെല്ലാം കര്‍ശന വിലക്കുകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ക്രൈസ്തവരെ തടവില്‍ പാര്‍പ്പിക്കുന്നതും, ഘനികളിലേക്കും, തൊഴിലാളി ക്യാമ്പുകളിലേക്കും പണിയെടുപ്പിക്കുവാനായി അടിമകളേ പോലെ കൊണ്ടു പോകുന്നതും രാജ്യത്ത് സ്ഥിരം സംഭവങ്ങളായി മാറിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.

More Archives >>

Page 1 of 105