News - 2024

ക്രൈസ്തവര്‍ക്കു വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 14-11-2016 - Monday

വത്തിക്കാന്‍: പാവപ്പെട്ടവരേയും, ദരിദ്രരേയും പരിഗണിക്കാത്ത ക്രൈസ്തവര്‍ക്കു വേണ്ടി, താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ അവസാനത്തെ പരിപാടിയായ 'ജൂബിലി ഓഫ് ദ ഹോംലെസ്' വേദിയിലാണ് മാര്‍പാപ്പ ക്രൈസ്തവര്‍ക്കു വേണ്ടി ക്ഷമാപണം നടത്തിയത്.

സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കെതിരായി വാക്കുകള്‍ മൂലമോ പ്രവര്‍ത്തി മൂലമോ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനും ദാരിദ്ര്യത്തെ നോക്കി കാണാത്ത ക്രൈസ്തവര്‍ക്കും വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ നെര്‍വി ഹാളില്‍ നടത്തപ്പെട്ട 'ജൂബിലി ഓഫ് ദ ഹോംലെസി'ല്‍ ഭവനമില്ലാത്തവരും, തെരുവില്‍ അന്തിയുറങ്ങേണ്ടി വന്നവരും, ദാരിദ്രം അനുഭവിക്കുന്നവരുമായ ആറായിരത്തോളം പേരാണ് പങ്കെടുത്തത്.

ഭവനമില്ലാതെ ദാരിദ്രത്തില്‍ കഴിഞ്ഞ റോബര്‍ട്ട് എന്ന വ്യക്തിയുടെ ചിന്തകള്‍ പരിശുദ്ധ പിതാവ് യോഗത്തില്‍ പങ്കുവച്ചു. "എല്ലാ മനുഷ്യര്‍ക്കും വിവിധ തരം ആഗ്രഹങ്ങളുണ്ടെന്നും, ഇതിന്റെ പിന്നാലെയാണ് എല്ലാവരും ഓടുന്നതെന്നുമാണ് റോബര്‍ട്ട് പറയുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മേ വിഷമിപ്പിക്കുമെന്നും, പ്രത്യാശയുള്ള ആഗ്രഹങ്ങളാണ് നമ്മേ മുന്നോട്ട് ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും അയാള്‍ വിശദീകരിക്കുന്നു".

"ദാരിദ്രത്തിന്റെയും, കഷ്ടപാടിന്റെ അവസ്ഥ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് യുവാക്കള്‍ക്ക് ഉള്ളതു പോലെയായിരിക്കില്ല, സ്ത്രീകള്‍ക്ക് ഉള്ളത്. ദാരിദ്രം എന്ന അവസ്ഥയില്‍ വൃദ്ധര്‍ക്കും, കുട്ടികള്‍ക്കും ഇടയിലും വ്യത്യാസമുണ്ടാകും. എന്നാല്‍ സ്വപ്‌നം കാണുന്നത് നാം ഒരിക്കലും മതിയാക്കരുത്. സ്വപ്‌നങ്ങളാണ് പ്രത്യാശയുള്ള നാളകളിലേക്ക് നമ്മേ നയിക്കുന്നത്"'. മാര്‍പാപ്പ പറഞ്ഞു.

ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലും സന്തോഷത്തോടും, പ്രത്യാശയോടും കൂടി ജീവിതം മുന്നോട്ട് നയിക്കുന്നവരുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. പരിമിത സാഹചര്യങ്ങളില്‍ മാത്രം ജനിക്കുകയും, വളരുകയും ചെയ്ത ക്രിസ്തു ലോകത്തിന് മുഴുവന്‍ രക്ഷ നേടി കൊടുത്തു. പ്രശ്‌നങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുവാന്‍ ഈ ചിന്ത നമ്മേ സഹായിക്കുമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

"സുവിശേഷത്തിന്റെ ഹൃദയ ഭാഗത്താണ് ദാരിദ്രത്തിനുള്ള സ്ഥാനം. ഇതിനാല്‍ തന്നെ ദാരിദ്രം എന്ന അവസ്ഥയെ ജീവിക്കുവാന്‍ സാധിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ നമുക്ക് കഴിയും. നിങ്ങളുടെ ദാരിദ്രത്തെ ചൂഷണം ചെയ്യുന്ന പലരുമുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. അതേ സമയം ദാരിദ്രത്തിന്റെ അവസ്ഥയിലും മറ്റുള്ളവരെ കരുതുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്".

"ദരിദ്രര്‍ ഒന്നിനും വേണ്ടി കലഹിക്കുന്നില്ല. എന്നാല്‍ പണമുള്ളവരും അധികാരമുള്ളവരും അതിനെ വര്‍ധിപ്പിക്കുവാനും, നിലനിര്‍ത്തുവാനും തമ്മില്‍ കലഹിക്കുന്നു. കൂടുതല്‍ അധികം നേടുവാനുള്ള കലഹങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ഇവിടെ സമാധാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. സമാധാനത്തിന്റെ ഉദാഹരങ്ങളായി നിങ്ങള്‍ മാറണം. സഭകളിലും, മതങ്ങളിലുമെല്ലാം ആവശ്യം സമാധാനമാണ്. ഈ തിരിച്ചറിവ് ഏവര്‍ക്കും ആവശ്യമാണ്" പാപ്പ പറഞ്ഞു.

സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കായി വെള്ളിയാഴ്ച ആരംഭിച്ച കരുണയുടെ ത്രിദിന ജൂബിലിയോഘോഷം ഇന്നലെ (ഞായറാഴ്ച) രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ സമാപിച്ചു. അടുത്ത ഞായറാഴ്ചയാണ് കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുന്നത്.

More Archives >>

Page 1 of 105