News

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരമെന്ന പേരിൽ മെഴുകുപ്രതിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

സ്വന്തം ലേഖകന്‍ 14-11-2016 - Monday

വത്തിക്കാന്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നത്.

കത്തോലിക്കാ സഭയിൽ നൂറുകണക്കിന് വർഷങ്ങൾക്കു ശേഷവും അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ മൃതശരീരങ്ങൾ കാണുവാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകംപേർ ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് മെഴുകു പ്രതിമയാണെന്ന് ഫാദര്‍ ബെനോ ഒ.എം.ഡി റോമിൽ നിന്നും അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മെഴുകു പ്രതിമയില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പ് കൂടി ഉള്‍പ്പെടുത്തി നിരവധി രാജ്യങ്ങളില്‍ വണക്കത്തിനായി വെച്ചിരിന്നു. മെക്‌സിക്കോയില്‍ തന്നെ 91 രൂപതകളില്‍ ഈ മെഴുകു പ്രതിമ വണക്കത്തിനായി വച്ചിരുന്നു. ഈ സമയത്ത് ആരെങ്കിലും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാം ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയെന്നാണ് കരുതപ്പെടുന്നത്.

2005-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മാര്‍പാപ്പമാരെ സംസ്‌കരിക്കുന്ന പ്രത്യേക സ്ഥലത്താണ് മാര്‍പാപ്പയെ അന്ന് കബറടക്കിയത്. നാമകരണ നടപടികളുടെ ഭാഗമായി 2011-ല്‍ വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കുകയും ശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുകയും ചെയ്തിരുന്നു. കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഡിസ്വൂസിന്റെയും നിരവധി വൈദികരുടെയും, സന്യസ്തരുടെയും അത്മായരുടെയും സാന്നിധ്യത്തിലാണ് വിശുദ്ധന്റെ കല്ലറ വീണ്ടും തുറന്നത്.

ബസലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു താഴെയായി, വിശ്വവിഖ്യാത ശില്‍പ്പി മൈക്കലാഞ്ചലോ നിര്‍മ്മിച്ച 'പിയാത്ത' ശില്‍പ്പത്തിനോട് ചേര്‍ന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരം വീണ്ടും അടക്കം ചെയ്തിരിക്കുന്നത്. ആദ്യം സംസ്‌കരിച്ച കല്ലറയുടെ മുകളിലുണ്ടായിരുന്ന മാര്‍ബിള്‍ ഫലകം അദ്ദേഹത്തിന്റെ ജന്മനാടായ പോളണ്ടിലേക്ക് നേരത്തെ കൊണ്ടു പോയിരുന്നു.

2011-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്ലറ തുറന്നു മൃതശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍

More Archives >>

Page 1 of 105