News - 2025
വെള്ളേട്രി ജയിലില്‍ പാപ്പ കാല്‍ കഴുകി: കണ്ണീരോടെ തടവുപുള്ളികള്‍
സ്വന്തം ലേഖകന്‍ 19-04-2019 - Friday
വത്തിക്കാന്‍ സിറ്റി: ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി എളിമയുടെ മാതൃക കര്‍ത്താവ് ലോകത്തിന് സമ്മാനിച്ചതിന്റെ സ്മരണയില്‍ വത്തിക്കാനും. റോമിന്റെ കിഴക്കൻ പ്രദേശത്തു നിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണൽ ഫെസിലിറ്റി’യിലെ പുരുഷന്മാരായ പന്ത്രണ്ട് തടവുപുള്ളികളുടെ പാദങ്ങളാണ് പാപ്പ ഇത്തവണ കഴുകിയത്. വൈകിട്ട് നാലരയ്ക്കാണ് മാർപാപ്പ ഇവിടെയെത്തിയത്. 9 ഇറ്റലിക്കാരും ബ്രസീല്‍, മൊറോക്കോ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള തടവുപുള്ളികളുടെ പാദമാണ് പാപ്പ കഴുകി ചുംബിച്ചത്. പാപ്പ കാല്‍ കഴുകുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരിന്നു.
577 പേർ ജയിലില്‍ കഴിയുന്നുണ്ടെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ സ്ഥലപരിമിതിമൂലം 250 പേർക്ക് മാത്രമാണ് സാധിച്ചത്. യേശുവിന് എല്ലാ ശക്തിയും ഉണ്ടായിരുന്നുവെങ്കിലും പാദങ്ങൾ കഴുകി എളിമയുടെ മാതൃക അവിടുന്ന് കാണിച്ചു തന്നുവെന്ന് തന്റെ സന്ദേശത്തില്‍ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. മിശിഹാ ഇതുതന്നെ ചെയ്യാനാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കാനോ മറ്റുള്ളവരെ അപമാനിക്കാനോ ശ്രമിക്കരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം വചനവും പാപ്പ അന്തേവാസികളെ ഓര്‍മ്മപ്പെടുത്തി. നിരവധി സമ്മാനങ്ങൾ നൽകിയാണ് ജയിൽ വാസികൾ ആഗോള സഭയുടെ തലവനെ യാത്രയാക്കിയത്.
