News - 2024

കണ്ണീരായി ശ്രീലങ്ക: മരണസംഖ്യ 160: പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന

സ്വന്തം ലേഖകന്‍ 21-04-2019 - Sunday

കൊളംബോ: ഈസ്റ്റർ ദിനത്തിൽ കണ്ണീരായി ശ്രീലങ്കയിലെ ദേവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. ഏകദേശം ഒരേ സമയത്തു തന്നെയാണ് ആസൂത്രിതമായ ആക്രമണം നടന്നിരിക്കുന്നതെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അതേസമയം 'ന്യൂസ് 18' റിപ്പോർട്ട് പ്രകാരം രണ്ടു സ്ഥലങ്ങളിൽ ചാവേർ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നു സ്ഥിരീകരണമായിട്ടുണ്ട്. ഷാംഗ്രിലാ പഞ്ചനക്ഷത്ര ഹോട്ടലിൽ ആക്രമണം നടത്തിയത് സഹറാൻ ഹാഷിം എന്ന തീവ്രവാദിയും, ബട്ടിക്കലോവ ദേവാലയത്തിൽ ആക്രമണം നടത്തിയത് അബു മുഹമ്മദ് എന്ന തീവ്രവാദിയുമാണെന്നാണ് പുതിയ വാര്‍ത്ത.

560 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.ഇതിനിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്‌ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. മലയാളി അടക്കമുള്ളവര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ദിനത്തിൽ നടന്ന ആക്രമണത്തെ കിരാതം എന്നാണ് മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്സെ വിശേഷിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡു, ധനമന്ത്രി ആരുൺ ജെയ്റ്റ്ലി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയ നേതാക്കളും ആക്രമണത്തെ അപലപിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കായി വിശ്വാസികൾ ദേവാലയത്തിൽ ഒരുമിച്ചുകൂടിയ സന്ദർഭത്തിലാണ് കിരാതമായ ചാവേർ ആക്രമണം നടന്നത്. ശ്രീലങ്കൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


Related Articles »