News - 2025
കൊല്ലപ്പെട്ടവരുടെ എണ്ണം 290: ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക സംഘടനയെന്നു സ്ഥിരീകരണം
സ്വന്തം ലേഖകന്‍ 22-04-2019 - Monday
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും നടന്ന ആക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണം ഉണ്ടായി ഓരോ മണിക്കൂറുകളും പിന്നിടുമ്പോള്‍ നിരവധി പേരാണ് മരിച്ചുവീണു കൊണ്ടിരിക്കുന്നത്.
ഇതിനിടെ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത്(എസ്എൽടിജെ) ആണെന്ന്‍ ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. ശ്രീലങ്കൻ സർക്കാർ വക്താവായ രജിതാ സെനരാൻറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സ്ഫോടനങ്ങൾ നടത്തുന്നതിനായി ഭീകരസംഘടനയ്ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ക്യാബിനറ്റ് മന്ത്രി കൂടിയായ സർക്കാർ വക്താവ് സെനരാന്റെ പറഞ്ഞു.
കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ ദേവാലയം എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. പതിനഞ്ച് മിനിറ്റിന് ശേഷം കൊളംബോയിലെ ഷാംഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ രാവിലെ ഒന്‍പതോടെയാണു സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാലാ സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും.
