News

"ക്രൈസ്തവർക്ക് നേരെയുള്ള ഇസ്ലാമികവാദികളുടെ ആക്രമണം വർദ്ധിക്കുന്നു": മുൻ എഫ്ബിഐ ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍

സ്വന്തം ലേഖകന്‍ 23-04-2019 - Tuesday

ലണ്ടന്‍: ക്രൈസ്തവർക്ക് നേരെ ഇസ്ലാമികവാദികൾ നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണെന്ന്‍ എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍. ശ്രീലങ്കയിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്ന അക്രമങ്ങളെ ഫോക്സ് ന്യൂസ് മാധ്യമത്തിന്റെ 'ഫോക്സ് ആൻഡ് ഫ്രണ്ട്സ്'ചർച്ചയിൽ വിശകലനം നടത്തുന്നതിനിടെയാണ് ബോബി ചക്കൺ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രൈസ്തവരെ കൊല്ലാനായി തീവ്രവാദികൾക്ക് പ്രേരണ നൽകുന്ന ചിന്താഗതി വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൂടുതൽ ആക്രമണങ്ങൾ ഇനിയും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകാൻ നല്ല സാധ്യതയുണ്ടെന്നും ബോബി ചക്കൺ പറഞ്ഞു. പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണൽ തൗഫീഖ് ജമാഅത്ത് എന്ന സംഘടനയാണ് ശ്രീലങ്കയിലെ കിരാത കൃത്യം നടത്തിയത്. സംശയം തോന്നിയ ഇരുപതോളം പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുറം രാജ്യങ്ങളിൽ നിന്ന് ആക്രമണം നടത്താൻ പ്രാദേശിക തീവ്രവാദികൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് താൻ സംശയിക്കുന്നതായി മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രൈസ്തവർക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തര സംഘർഷങ്ങളുള്ള രാജ്യങ്ങളാണ് തീവ്രവാദ ചിന്താഗതികൾക്ക് തഴച്ചുവളരാൻ കൂടുതൽ വളക്കൂറുള്ള മണ്ണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Related Articles »