News - 2025

പാവങ്ങള്‍ക്കിടയിലെ നിസ്വാര്‍ത്ഥ സേവനം: കത്തോലിക്ക വൈദികനു ദേശീയ പുരസ്‌കാരം

സ്വന്തം ലേഖകന്‍ 24-04-2019 - Wednesday

ന്യൂഡൽഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനത്തിന് കത്തോലിക്ക വൈദികന് ദേശീയ അവാര്‍ഡ്. ക്ലരീഷ്യന്‍ വൈദികനായ ഫാ. വിനീത് ജോർജാണ് ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസിന്റെ "ബെസ്റ്റ് സിറ്റിസെന്‍സ് ഓഫ് ഇന്ത്യ" അവാര്‍ഡിന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐഐടി ഹൈദരാബാദിലെ ഡോക്ടറൽ റിസർച്ച് വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം.

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയെന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിന്ന അദ്ദേഹം വൈദികനാകാൻ ജോലി ഉപേക്ഷിക്കുകയായിരിന്നു. തുടര്‍ന്നാണ് ജീവിതം ക്രിസ്തുവിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച് സാമൂഹിക സേവനത്തിനു ഇറങ്ങിത്തിരിച്ചത്. ഹരിയാനയിലെ രേവാരി, ജാർഖണ്ഡിലെ ഗർഹ്വ ഗ്രാമങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഫാ. ജോർജ്‌ ഇപ്പോൾ ബാംഗ്ലൂർ സെന്‍റ് ക്ലാരറ്റ് കോളേജ് വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ്. നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളും ഇതിനോടകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

2010 ൽ അമേരിക്കൻ അവാർഡ് ഓഫ് എക്സലൻസ് ഇൻ ഇന്റർനാഷണൽ ബിസിനസ്‌, ഇടമസ്‌ ഫൌണ്ടേഷൻ അവാർഡ്, ബെലാകു ട്രസ്റ്റ്‌ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനാറുവർഷത്തോളം വിവിധ മേഖലകളിൽ അദ്ദേഹം നേടിയ അനുഭവസമ്പത്തും വിജ്ഞാനവും വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ ലോകപ്രശസ്ത മാസികകളിൽ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു.


Related Articles »