News - 2024
കത്തോലിക്ക ദേവാലയം തകർക്കുമെന്ന ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
സ്വന്തം ലേഖകന്‍ 20-05-2019 - Monday
ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കത്തോലിക്ക ദേവാലയം തകർക്കുമെന്ന ഭീഷണിയുമായി ഭരണകൂട നേതൃത്വം. ചൈനയിലെ ജിയാൻഗ്സി പ്രവിശ്യയിലെ ഭൂഗർഭ സഭയുടെ ഭാഗമായ കത്തോലിക്ക ദേവാലയം തകർക്കുമെന്നാണ് പാർട്ടി നേതൃത്വം അറിച്ചിരിക്കുന്നത്. ഉന്നത അധികാരികളില്‍ നിന്ന്‍ ലഭിച്ചിരിക്കുന്ന ഉത്തരവ് പ്രകാരം ദേവാലയം തകർക്കാനായുളള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.
2012-ല്‍ കൂദാശചെയ്യപ്പെട്ട ദേവാലയത്തിനു കീഴില്‍ നൂറ്റിയന്‍പത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. ദേവാലയം സംരക്ഷിക്കാനായി ചൈനീസ് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരണമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ പോലീസെത്തി ഇടവക വികാരിയോട് പറഞ്ഞിരുന്നതായി ചൈനയിലെ മതസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്ന ബിറ്റര്‍ വിന്റര്‍ എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാല്‍ പാട്രിയോട്ടിക് അസോസിയേഷനിൽ ചേരുന്നതിലും നല്ലത് ദേവാലയം തകർക്കപ്പെടുന്നതാണെന്ന് ഇടവക വികാരിയും, വിശ്വാസി സമൂഹവും നിലപാട് എടുക്കുകയായിരിന്നു.
ആദ്യം പാർട്ടിയെ ബഹുമാനിച്ചിട്ട് ദൈവത്തെ ബഹുമാനിക്കാൻ സാധിക്കുകയില്ലെന്നും പാട്രിയോട്ടിക് അസോസിയേഷന് ആത്മാക്കളെ രക്ഷിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് തങ്ങൾ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും ഇടവകാംഗമായ ജോൺ പറഞ്ഞു. മെയ് ഒന്നാം തീയതിയാണ് ജിയാൻഗ്സി പ്രവിശ്യയിൽ മതകാര്യ മന്ത്രാലയത്തിന്റെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇത് കത്തോലിക്കാസഭയെ ചൈനീസ് വത്കരിക്കുക എന്ന ദേശീയ നയനിർദ്ദേശത്തെ അടിസ്ഥാനപെടുത്തിയുള്ളതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുന്നത് കമ്മ്യൂണിസ്റ്റ് ചൈനയിൽ ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.