News - 2024

ചൈനയ്ക്കു വേണ്ടി മാതാവിനോട് മാധ്യസ്ഥം അപേക്ഷിച്ച് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 23-05-2019 - Thursday

വത്തിക്കാന്‍ സിറ്റി: പ്രതിസന്ധികളുടെ നടുവിലും വിശ്വാസവും പ്രത്യാശയും കൈവിടാത്ത ചൈനയിലെ ക്രൈസ്തവർക്കു വേണ്ടി പരിശുദ്ധ ദൈവമാതാവിനോട് മാധ്യസ്ഥം യാചിച്ച് ഫ്രാന്‍സിസ് പാപ്പ. ആഗോള സഭയുമായി ബന്ധം നിലനിർത്തി സ്നേഹത്തിനും, സാഹോദര്യത്തിനും സാക്ഷികളാകാൻ സ്വർഗ്ഗീയ അമ്മ സഹായിക്കുമെന്ന് ബുധനാഴ്ച ദിവസത്തെ പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ വിശ്വാസി സമൂഹത്തോടായി പറഞ്ഞു. വെള്ളിയാഴ്ച ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ചൈനയിലെ കത്തോലിക്കരോടുള്ള തന്റെ അടുപ്പവും, സാമീപ്യവും പാപ്പ എടുത്തുപറഞ്ഞു.

ചൈനയിലെ ഷാങ്ങ്ഹായ് പ്രവിശ്യയിലെ "ഔർ ലേഡി ഓഫ് ശേഷൻ" തീർത്ഥാടന കേന്ദ്രത്തിൽ പ്രസ്തുത മരിയ ഭക്തിക്ക് വലിയ പ്രാധാന്യമാണുള്ളത്. 2007 മുതൽ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാൾ ദിനം ചൈനയിലെ ക്രൈസ്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന രീതി ബെനഡിക് പതിനാറാമൻ മാർപാപ്പ ആരംഭിച്ചിരുന്നു. അതേസമയം ചൈനയുമായി വത്തിക്കാൻ കരാർ നിലനിൽക്കുമ്പോൾ പോലും കമ്യൂണിസ്റ്റ് സർക്കാർ വലിയ ആക്രമണങ്ങളാണ് ക്രൈസ്തവർക്കു നേരെ അഴിച്ചുവിടുന്നത്. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും മറ്റ് ദേവാലയങ്ങളും തകർക്കപ്പെടുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്.


Related Articles »