News - 2024
ഒടുവില്‍ കന്ധമാലിലെ ക്രൈസ്തവ വിശ്വാസിക്ക് നീതിപീഠത്തിന്റെ കനിവ്
സ്വന്തം ലേഖകന്‍ 23-05-2019 - Thursday
ന്യൂഡല്‍ഹി: ഏഴ് വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ കന്ധമാല്‍ കലാപത്തിന്റെ പേരില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞിരുന്ന ഏഴുപേരില്‍ ഒരാള്‍ക്ക് ജാമ്യം. ക്രൈസ്തവ വിശ്വാസിയായ ഗോര്‍നാഥ് ചലന്‍സേത്തിനാണ് സുപ്രീം കോടതി ഇടക്കാല ജാമ്യമനുവദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗോര്‍നാഥ് ഒഡീഷയിലെ ഫുല്‍ബാനി ജില്ല ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡമിന്റെ ഇടപെടലാണ് (ADF) ഗോര്‍നാഥിന്റെ ജാമ്യം സാധ്യമാക്കിയത്. “എന്റെ സന്തോഷത്തിന് അതിരില്ല. അതു വിവരിക്കാന്‍ വാക്കുകളുമില്ല”-ജാമ്യം നേടി പുറത്തു വന്ന ഗോര്‍നാഥിന്റെ പ്രതികരണം ഇപ്രകാരമായിരിന്നു.
ഭാര്യയെയും മക്കളെയും ഉറ്റബന്ധുക്കളെയും കണ്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്താണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഒഡീഷയിലെ ഫുല്‍ബാനിയില്‍ സ്വീകരിക്കാനെത്തിയവരും അദ്ദേഹത്തെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി. ‘ശക്തമായ ക്രൈസ്തവ വിശ്വാസം ദൈവേഷ്ടമായി പരിണമിച്ചു’വെന്ന്‍ ഭൂവനേശ്വര്‍ കട്ടക്ക് മെത്രാപ്പോലീത്ത മോണ്‍. ജോണ്‍ ബര്‍വ പറഞ്ഞു. വിശ്വഹിന്ദു പരിഷത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയും, നാല് അനുയായികളും വധിക്കപ്പെട്ട കേസിലാണ് ഗോര്‍നാഥ് ഉള്‍പ്പെടെ നിരപരാധികളായ 7 ക്രിസ്ത്യാനികള്‍ 2008-ല്‍ അറസ്റ്റിലായത്. സംഭവം നടന്ന ഉടന്‍തന്നെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തെങ്കിലും, അക്കാര്യം പരിഗണിക്കാതെ ക്രിസ്ത്യാനികൾ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന്‍ തീവ്രഹിന്ദുത്വവാദികള്‍ വരുത്തിതീര്‍ക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ആര്‍എസ്‌എസ്, വിഎച്ച്‌പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കന്ധമാലില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടത്. അന്നത്തെ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, കന്യാസ്ത്രീ അടക്കം നാല്‍പ്പതോളം പേര്‍ മാനഭംഗത്തിനിരയാവുകയും ചെയ്തു. 56,000-ത്തോളം വിശ്വാസികളാണ് പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടത്. എണ്ണായിരത്തോളം വീടുകള്‍ അഗ്നിക്കിരയായി. 415 ഗ്രാമങ്ങളാണ് കൊള്ളയടിക്കപ്പെടുകയും, 300 ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
ബാസ്‌കര്‍ സുനാമജി, ബിജയ് കുമാര്‍ സാന്‍സെത്ത്, ബുദ്ധദേവ് നായക്, ടുര്‍ജോ സുനമാജി, സനാതന്‍ ബഡമാജി, ബുദ്ധിമാന്ദ്യമുള്ള മുന്‍ഡ ബഡമാജി എന്നീ നിരപരാധികളാണ് സ്വാമി ലക്ഷ്മണാനന്ദ കൊലക്കേസില്‍ ഇപ്പോള്‍ അന്യായമായി ജയിലില്‍ കഴിയുന്നത്. ഇവരുടേയും മോചനം സാധ്യമാക്കാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി എ.ഡി.എഫ് ന്റെ ഡയറക്ടറായ ഇ.സി. മൈക്കേല്‍ പറഞ്ഞു. ഗോര്‍നാഥിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.