News - 2024
ഒരു മാസം: പ്രിയപ്പെട്ടവരുടെ സ്മരണയില്‍ ശ്രീലങ്കന്‍ ജനത
സ്വന്തം ലേഖകന്‍ 22-05-2019 - Wednesday
കൊളംബോ: ലോകത്തെ നടുക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ സ്‌ഫോടന പരമ്പര നടന്നിട്ട് ഇന്നലെ ഒരു മാസം തികഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ ഓര്‍മയില്‍ വിതുമ്പിക്കൊണ്ടാണ് സ്‌ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ ഇന്നലെ അനുസ്മരണച്ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുത്തത്. മെഴുകുതിരി തെളിച്ചും മൌന പ്രാര്‍ത്ഥന നടത്തിയുമാണ് ശ്രീലങ്കന്‍ ജനത സ്ഫോടനം നടന്ന ദേവാലയങ്ങളില്‍ ചിലവിട്ടത്.
കഴിഞ്ഞ മാസം 21ന് ഈസ്റ്റര്‍ ദിനത്തില്‍ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന വിവിധ ദേവാലയങ്ങളില്‍ ഇപ്പോഴും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്.