News - 2024

ചന്ദ്രനിലേക്ക് അച്ചടിച്ച ബൈബിള്‍ അയക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 22-05-2019 - Wednesday

ജെറുസലേം: അടുത്ത ദൗത്യത്തില്‍ ചന്ദ്രനിലേക്ക് അച്ചടിച്ച ബൈബിള്‍ അയക്കുവാനാണ് യഹൂദ രാഷ്ട്രമായ ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്ന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമില്‍ വെച്ച് നടന്ന വാര്‍ഷിക അന്താരാഷ്ട്ര യുവജന ബൈബിള്‍ ക്വിസ്സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരിന്നു നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം. ഭാവിയില്‍ ഇസ്രായേല്‍ വിജയകരമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് മാത്രമല്ല, ഒരു ബൈബിളും അവരുടെ ഒപ്പം ഉണ്ടായിരിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്. ബൈബിളാണ് തങ്ങളുടെ അടിസ്ഥാനമെന്നും, ബൈബിള്‍ നിന്നും ലഭിച്ച ധൈര്യത്താല്‍ തങ്ങള്‍ക്കിത് സാധ്യമാണെന്നും നെതന്യാഹു പറഞ്ഞു.

‘അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടങ്ങളേയും അവിടുന്ന്‍ സ്ഥാപിച്ച ചന്ദ്രതാരങ്ങളേയും ഞാന്‍ കാണുന്നു.’ (സങ്കീര്‍ത്തനം 8:3) എന്ന ബൈബിള്‍ വാക്യവും അദ്ദേഹം പരാമര്‍ശിച്ചു. “നമ്മുടെ ആത്മാവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ചങ്കുറപ്പും, ഉത്സാഹവും, ഉറച്ച തീരുമാനവും കാരണം നമുക്കിത് സാധ്യമാണ്. നമ്മുടെ ആത്മാവ് ബൈബിളില്‍ നിന്നുമാണ് വരുന്നത്. ഇത് കേവലം വാക്കുകളല്ല. ആ ആത്മാവ് വേദപുസ്തകത്തില്‍ നിന്നു തന്നെയാണ് വരുന്നത്. നമ്മുടെ വിശ്വാസവും, പാരമ്പര്യവും, സ്വദേശത്തോടുള്ള സ്നേഹവും കൂടെ കൊണ്ടുനടന്നില്ലെങ്കില്‍ നമ്മുടെ ജന്മദേശത്ത് തിരിച്ചു വരുവാന്‍ നാം നടത്തിയ നീണ്ട യാത്രകള്‍ അര്‍ത്ഥശൂന്യമായിപ്പോവും”- നെതന്യാഹു പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് 'ഉല്‍പ്പത്തിയില്‍ നിന്ന്‍ ചന്ദ്രനിലേക്ക്' എന്നര്‍ത്ഥം വരുന്ന ‘ബെറെഷീറ്റ്’ എന്ന ശൂന്യാകാശ പേടകം ഇസ്രായേല്‍ അയച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം ആ പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ബൈബിളിന്റെ ഒരു ഡിജിറ്റല്‍ പതിപ്പ് ഈ പേടകത്തിലുണ്ടായിരുന്നുവെന്നും, അടുത്ത ശ്രമത്തില്‍ ബൈബിളിന്റെ അച്ചടിച്ച പതിപ്പ് തന്നെ അയക്കുമെന്നും നെതന്യാഹു പറഞ്ഞു.

More Archives >>

Page 1 of 452