News

"ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവമല്ല, സ്നേഹത്തിന്റെ ദൈവമാണ്"

സ്വന്തം ലേഖകന്‍ 22-05-2019 - Wednesday

കൊളംബോ: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് ശേഷവും കൊളംബോയിലെ കത്തോലിക്കരുടെ വിശ്വാസത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് ആക്രമണത്തിനിരയായ ദേവാലയങ്ങളിലൊന്നായ കൊച്ചികാഡെയിലെ സെന്റ്‌ അന്തോണീസ് ദേവാലയത്തിലെ റെക്ടര്‍ ഫാ. ജൂഡ് രാജ് ഫെര്‍ണാണ്ടോ. "ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവമല്ല സ്നേഹത്തിന്റെ ദൈവമാണ്" എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനകളിലും, വിശുദ്ധ കുര്‍ബാനകളിലും പതിവ് പോലെ തന്നെ വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ടെന്നും ഫാ. ജൂഡ് രാജ് പറഞ്ഞു.

വത്തിക്കാന്‍ ന്യൂസിന്റെ അമാഡിയോ ലൊമോണാക്കൊക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ജൂഡ് രാജ് ആക്രമണങ്ങള്‍ നടന്ന്‍ ഒരു മാസം തികയുമ്പോള്‍ കൊളംബോയിലെ കത്തോലിക്കരുടെ ആത്മീയാവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്. ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ’ എന്ന് കുരിശില്‍ കിടന്നുകൊണ്ട് യേശു പ്രാര്‍ത്ഥിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ എന്ന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായികളാണ് തങ്ങളെന്ന പൊതുവികാരമാണ് ലങ്കയിലെ മുഴുവന്‍ കത്തോലിക്കര്‍ക്കുമുള്ളതെന്ന് ഫാ ജൂഡ്. രാജ് പറഞ്ഞു.

ആക്രമണത്തോടെ ഭാഷയോ, മതമോ, ജാതിയോ നോക്കാതെ മുഴുവന്‍ ശ്രീലങ്കന്‍ സമൂഹവും ഒരുമിച്ചു. അക്രമം നടത്തിയവരോട് എന്താണ് പറയുവാനുള്ളതെന്ന ചോദ്യത്തിന് ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, പ്രതികാരം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്രമികളുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിക്കുവാനും, അവരില്‍ അനുതാപം ഉളവാകുവാനും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയുടെ- പ്രത്യേകിച്ച് ജപമാലയുടേയും, വിശുദ്ധ കുര്‍ബാനയുടേയും ശക്തി മതിയെന്നും മറ്റൊരായുധവും വേണ്ടായെന്നും അന്നത്തെ ചാവേര്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്കു രക്ഷപ്പെട്ട ഫാ. ജൂഡ് രാജ് പറയുന്നു. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി സെന്റ്‌ അന്തോണീസ് ദേവാലയം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.

More Archives >>

Page 1 of 452