News - 2024

ഇസ്രായേലിലെ ക്രിസ്തീയ ചാനലിന്റെ സ്റ്റുഡിയോ അജ്ഞാതന്‍ അഗ്നിക്കിരയാക്കി

സ്വന്തം ലേഖകന്‍ 25-05-2019 - Saturday

ജെറുസലേം: ഇസ്രായേലിലെ മൗണ്ട് സിയോനിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ മാധ്യമ സ്ഥാപനത്തിന് അജ്ഞാതന്‍ തീ കൊളുത്തി. അമേരിക്ക ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ഇസ്രായേലി സ്റ്റുഡിയോക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തീ കൊളുത്തിയത്. സ്റ്റുഡിയോ ഏതാണ്ട് പൂർണമായി അഗ്നിക്കിരയായി. പ്രത്യാശയുടെ ക്രിസ്തീയ സന്ദേശങ്ങൾ ഇസ്രായേലിനു പകർന്നു നല്കിയിരുന്ന ടെലിവിഷന്‍ നെറ്റ്‌വർക്കായിരിന്നു ഡേ സ്റ്റാർ. തീപിടുത്തം ഉണ്ടാകുന്നതിനു 30 മിനിറ്റുകൾക്കു മുന്‍പ് ഒരാൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീകൊളുത്തി കയറിലൂടെ താഴേക്കിറങ്ങി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ കാമറകളിൽ പതിഞ്ഞിട്ടുണ്ട്.

സ്റ്റുഡിയോ തകർന്നതിനാൽ ലോകമെമ്പാടുമുള്ള ആളുകളോട് മാധ്യമ സ്ഥാപനം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ജീവിതം മാറ്റിമറിക്കുന്ന സത്യത്തെ നിശബ്ദരാക്കാൻ കഴിയില്ല എന്ന് ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്വർക്കിന്റെ സ്ഥാപകനും അധ്യക്ഷനുമായ മാർക്കസ് ലാംബ് പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ഥാപന പങ്കാളികളുടെ സഹായത്തോടെ ചാരത്തിൽ നിന്ന് തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നും, ദൈവത്തിന്റെ സ്നേഹവും, ക്ഷമയും ഇസ്രായേലിൽ ഉടനീളം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം അഗ്നിക്കിരയാക്കിയ ആളെ ഈ സന്ദേശം സ്പർശിക്കുമെന്നും, യേശുക്രിസ്തുവിൽ മാത്രം കണ്ടെത്താൻ സാധിക്കുന്ന പ്രത്യാശ അദ്ദേഹം സ്വീകരിക്കുമെന്നും മാർക്കസ് ലാംബ് തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. 2006 മുതല്‍ ഇസ്രായേലിലെ മിക്ക ഭവനങ്ങളിലും സംപ്രേഷണം ചെയ്യുന്ന ആദ്യ ക്രൈസ്തവ മാധ്യമമായി ഡേ സ്റ്റാർ ടെലിവിഷൻ മാറിയിരിന്നു. മറ്റുള്ള ക്രൈസ്തവ മാധ്യമങ്ങളും സംപ്രേഷണം തുടങ്ങുന്ന സമയത്ത് ഡേ സ്റ്റാറിനെ സഹായിച്ചിരുന്നു. അമേരിക്കയിൽ മാത്രം 11 കോടി ഭവനങ്ങളിലാണ് ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ക്രൈസ്തവ സന്ദേശങ്ങൾ എത്തുന്നത്.


Related Articles »