News - 2024

ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ സിനഡ് സെക്രട്ടറിയേറ്റില്‍ സ്ത്രീകള്‍ക്ക് നിയമനം

സ്വന്തം ലേഖകന്‍ 25-05-2019 - Saturday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഭരണസംവിധാനത്തിലെ പ്രമുഖ വകുപ്പ് കാര്യാലയങ്ങളില്‍ ഒന്നായ മെത്രാന്‍ സിനഡ് കാര്യാലയത്തിലേക്ക് (Secretariat of the Synod Of Bishops) ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് നിയമനം. മൂന്നു കന്യാസ്ത്രീകളെയും ഒരു അല്‍മായ വനിതയേയുമാണ് ഫ്രാന്‍സിസ് പാപ്പ ഇന്നലെ സിനഡ് കാര്യാലയത്തിലെ കൗണ്‍സിലര്‍മാരായി നിയമിച്ചതെന്നു 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ നിന്നുള്ള എക്കണോമിക്സ് പ്രൊഫസ്സര്‍ സിസ്റ്റര്‍ അലെസ്സാന്‍ഡ്ര സ്മെറില്ലി, സ്പെയിന്‍ സ്വദേശിനി മരിയ ലൂയിസ ബെര്‍സോസാ ഗോണ്‍സാലെസ്, ഫ്രാന്‍സില്‍ നിന്നുള്ള സിസ്റ്റര്‍ നതാലി ബെക്ക്വാര്‍ട്ട് എന്നീ മൂന്ന്‍ കന്യാസ്ത്രീമാരേയും, സോഷ്യോളജി പ്രൊഫസ്സറായ സെസീലിയ കോസ്റ്റ എന്ന അത്മായ വനിതയെയുമാണ് പാപ്പ നിയമിച്ചത്.

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കാറുള്ള മെത്രാന്‍മാരുടെ ആഗോള സിനഡിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന വിഭാഗമാണ്‌ സെക്രട്ടറിയേറ്റ് ഓഫ് സിനഡ്. ഡിപ്പാര്‍ട്ട്മെന്റിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സ്ത്രീകള്‍ നിയമിക്കപ്പെടുന്നത്. പാപ്പക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 1965-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് മെത്രാന്‍മാരുടെ സിനഡിന് ആരംഭം കുറിച്ചത്. ഇതുവരെ പാപ്പക്ക് അയക്കുന്ന അന്തിമ സിനഡ് രേഖകളില്‍ ഒപ്പിടുവാനുള്ള അവകാശം സിനഡ് പിതാക്കന്‍മാര്‍ക്ക് മാത്രമായിരുന്നു. തങ്ങളുടെ സഭകളുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ രണ്ട് അത്മായ ബ്രദര്‍മാര്‍ക്ക് ഒപ്പിടുവനുള്ള അവകാശം ഉണ്ടെങ്കിലും തത്തുല്യ പദവിയിലുള്ള കന്യാസ്ത്രീമാര്‍ക്ക് ഇത് സാധ്യമല്ലായിരുന്നു.

ഇതുചൂണ്ടിക്കാട്ടി ഭാവിയില്‍ നടക്കുവാനിരിക്കുന്ന സിനഡുകളില്‍ ഒപ്പിടുവാനുള്ള അവകാശം സ്ത്രീകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പക്ക് രേഖാമൂലം നല്‍കിയ അപേക്ഷയില്‍ പതിനായിരത്തോളം ആളുകളാണ് ഒപ്പിട്ടത്. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് പുതിയ നിയമനമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം വത്തിക്കാന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്ന 'വോയിസ്‌ ഓഫ് ഫെയിത്ത്' എന്ന അന്താരാഷ്ട്ര സംഘടന രംഗത്ത് വന്നിട്ടുണ്ട്. അടുത്ത സിനഡില്‍ വനിതാ പ്രതിനിധികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന്റെ ആദ്യപടിയാണിതെന്നാണ് വോയിസ് ഓഫ് ഫെയിത്തിന്റെ ജെനറല്‍ മാനേജര്‍ സൂസന്ന ഫ്ലിയോസോവ്സ്കായുടെ പ്രതികരണം.


Related Articles »