News - 2024

നോട്രഡാം കത്തീഡൽ പുനര്‍നിര്‍മ്മാണ ബില്‍ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി

സ്വന്തം ലേഖകൻ 29-05-2019 - Wednesday

പാരീസ്, ഫ്രാന്‍സ്: അഗ്നിബാധക്കിരയായ ലോക പ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ‘നോട്രഡാം പുനര്‍നിര്‍മ്മാണ ബില്‍’ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലില്‍ ‘അവസാനം കാണപ്പെട്ട അവസ്ഥയിൽ തന്നെ കത്തീഡ്രല്‍ പുതുക്കി പണിയണം’ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. നിയമമാകുന്നതിന് ദേശീയ അസംബ്ലി പാസ്സാക്കിയ ബില്ലിന്റെ പതിപ്പുമായി ഒത്തുപോകണമെന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

അഗ്നിബാധയുണ്ടായ ദിവസമായ ഏപ്രില്‍ 15 മുതല്‍ ലഭിച്ചിട്ടുള്ള സംഭാവനകള്‍ക്ക് പൂര്‍ണ്ണമായ നികുതിയിളവ് നല്‍കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഏപ്രില്‍ 16 മുതലുള്ള സംഭാവനകള്‍ക്ക് നികുതിയിളവ് നല്‍കണമെന്നായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. അതേസമയം പാരീസിന്റെ പ്രതീകമെന്ന് ലോകം വിശേഷിപ്പിക്കുന്ന കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തോടനുബന്ധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ ഇമ്മാനുവേല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തെമ്പാടുമുള്ള വിദഗ്ദരായ ആര്‍ക്കിടെക്ടുകളുടെ ഒരുമത്സരം സംഘടിപ്പിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഏപ്രില്‍ 15നുണ്ടായ അഗ്നിബാധയിലാണ് കത്തീഡ്രലിന്റെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മേല്‍ക്കൂരയും ഗോപുരവും കത്തിയമര്‍ന്നത്. ഇതേ തുടർന്ന് യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ നിന്നും മാറ്റിയിരുന്നു. കാലപ്പഴക്കം കൊണ്ടുള്ള ജീര്‍ണ്ണതയും, സന്ദര്‍ശകര്‍ മൂലമുള്ള മലിനീകരണം കൊണ്ടുള്ള കേടുപാടുകളും നീക്കി ദേവാലയം പുനരുദ്ധരിക്കുവാനുള്ള ധനസമാഹരണം നടന്നുവരുന്നതിനിടെയാണ് ദേവാലയം അഗ്നിക്കിരയായത്. 2024-ലെ പാരീസ് ഒളിംബിക്സിന് മുന്‍പ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകണം എന്ന ഉദ്ദേശത്തോടെയാണ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 


Related Articles »