News - 2024
ഇസ്രായേൽ പ്രസിഡന്റ് ജറുസലേമിലെ ക്രൈസ്തവ നേതാക്കളുമായി ചര്‍ച്ച നടത്തി
സ്വന്തം ലേഖകന്‍ 06-06-2019 - Thursday
ജറുസലേം: ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവലിൻ ജറുസലേമിലെ വിവിധ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജൂൺ മൂന്നാം തീയതി തിരുക്കല്ലറ ദേവാലയത്തിന്റെയും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളുടെയും ചുമതല വഹിക്കുന്ന ഫ്രാൻസിസ്കൻ സഭയുടെ ജെറുസലേമിലെ അധ്യക്ഷന്മാര്‍ താമസിക്കുന്ന സെന്റ് സേവ്യേഴ്സ് സന്യാസ ആശ്രമത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഡേവിഡ് ഗ്രേനിയർ ഇസ്രായേലി പ്രസിഡന്റിനെയും, മറ്റു രാഷ്ട്രീയ മത നേതാക്കളെയും സ്വീകരിച്ചു. ജറുസലേമിലെ 800 വർഷം പൂർത്തിയാകുന്ന ഫ്രാൻസിസ്കൻ സാന്നിധ്യത്തെ പ്രസിഡന്‍റ് സ്മരിച്ചു.
ജെറുസലേമിലെ ഫ്രാൻസിസ്കൻ സഭയുടെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്സിസ്കോ പാറ്റോൺ അതിഥികളെ അഭിവാദനം ചെയ്തതിനുശേഷം കൂടിക്കാഴ്ചയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. ഇത്തവണ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ച സമയത്തു തന്നെയാണ് യഹൂദർ പെസഹാ ആഘോഷിച്ചതെന്നും, അതേസമയം തന്നെയാണ് ഇസ്ലാം മത വിശ്വാസികൾ റമദാൻ മാസം ആരംഭിച്ചതെന്നും അദ്ദേഹം പരാമര്‍ശിച്ചു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അദ്ദേഹം ഇസ്രായേലി സർക്കാരിന് നന്ദി പറഞ്ഞു.
സമാധാന ശ്രമങ്ങൾക്കും, ചർച്ചകൾക്കും പകരം വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സമീപപ്രദേശമായ ഗാസയിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റിയും ഫ്രാന്സിസ്കോ പാറ്റോൺ തന്റെ ആശങ്ക പങ്കുവെച്ചു. മറുപടി പ്രസംഗത്തിൽ ഇസ്രായേൽ, ജെറുസലേമിന്റെ രക്ഷാധികാരി എന്നനിലയിൽ മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന് പ്രസിഡന്‍റ് റൂവൻ റിവലിൻ ക്രൈസ്തവ നേതൃത്വത്തിന് ഉറപ്പുനൽകി. തിരുകല്ലറ ദേവാലയം പുതുക്കിപ്പണിയാനുള്ള പുതിയ ഉടമ്പടിയിൽ സന്തോഷം രേഖപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.