News - 2024
എമരിറ്റസ് ബനഡിക്ട് പാപ്പയുമായുള്ള സംഭാഷണം ശക്തി പകരുന്നു: ഫ്രാൻസിസ് പാപ്പ
സ്വന്തം ലേഖകന്‍ 04-06-2019 - Tuesday
വത്തിക്കാന്‍ സിറ്റി: എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയുമായി നടത്തുന്ന സംഭാഷണങ്ങള്‍ തനിക്ക് ശക്തി പകരുന്നതായി ഫ്രാൻസിസ് മാർപാപ്പയുടെ തുറന്നുപറച്ചില്‍. റൊമാനിയന്‍ സന്ദര്‍ശനത്തിന് ശേഷം വത്തിക്കാനിലേക്കുള്ള വിമാന യാത്രാമധ്യേയാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. ബനഡിക്ട് പാപ്പയുമായുള്ള സംഭാഷണം തനിക്ക് ഏറെ പ്രിയപ്പെട്ടതും അമൂല്യവുമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
'ഓരോ തവണയും അദ്ദേഹത്തെ ഞാന്‍ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈപിടിക്കും. വളരെ പതുക്കെ ലഘുവായി മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. എന്നാൽ മുന്‍പുള്ള അതേ തീവ്രതയോടെ ആഴത്തിലായിരിക്കും അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹത്തിന്റെ കാലുകൾക്ക് മാത്രമാണ് ക്ഷീണം. ബുദ്ധിക്കോ ഓർമ്മശക്തിക്കോ യാതൊരു കുറവുമില്ല'. അദ്ദേഹത്തെ ശ്രവിക്കുമ്പോൾ തനിക്ക് ശക്തി ലഭിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. സഭാപാരമ്പര്യത്തെ കുറിച്ച് ബനഡിക്ട് പാപ്പ സംസാരിക്കാറുണ്ടെന്നും പ്രസന്നമായ രീതിയാണ് അദ്ദേഹത്തിനുള്ളതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.