News - 2024

പെന്തക്കുസ്ത തിരുനാളിന് ഒരുക്കങ്ങളുമായി വത്തിക്കാനും: ശനിയാഴ്ച ജാഗരണ പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 06-06-2019 - Thursday

വത്തിക്കാന്‍ സിറ്റി: പെന്തക്കുസ്ത തിരുനാളിന് ദിവസങ്ങള്‍ ശേഷിക്കേ വിവിധ ഒരുക്കങ്ങളുമായി വത്തിക്കാന്‍. റോമാ രൂപത വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന തിരുനാള്‍ ജാഗരണ പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. ജൂണ്‍ 8 ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുക. തുടര്‍ന്ന് ചത്വരത്തില്‍ സമ്മേളിക്കുന്ന വിശ്വാസികള്‍ക്കൊപ്പം പാപ്പ ദിവ്യബലി അര്‍പ്പിക്കും. ദൈവാരൂപിയുടെ ഏഴുദാനങ്ങളെ പ്രതിനിധീകരിച്ചു വിശ്വാസികള്‍ ദീപങ്ങളേന്തിയും ഉത്ഥിതനായ ക്രിസ്തുവിനെ പാടി സ്തുതിച്ചുമായിരിക്കും വത്തിക്കാനില്‍ എത്തുക.

ഇറ്റലിയില്‍ അറിയപ്പെട്ട സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന റോമാരൂപതയുടെ ഇരുനൂറംഗ ഗായകസംഘം ജാഗരണപ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കും നേതൃത്വം നല്‍കും. റോം നിവാസികള്‍ക്ക് കന്യകാനാഥയുടെ പ്രത്യേക സംരക്ഷണം ലഭിച്ചതിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് അന്നേദിവസം ഡിവീനോ അമോരെ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കു പ്രദക്ഷിണവും സംഘടിപ്പിക്കുന്നുണ്ട്. ദൈവമാതാവിന്‍റെ അത്ഭുതചിത്രവും വഹിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍നിന്നും ആരംഭിക്കുന്ന ജാഗരണ പ്രദക്ഷിണം ഏകദേശം 20 കിമീ ദൈര്‍ഘ്യമുള്ളതാണ്. പെന്തക്കൂസ്ത തിരുനാളിന് പാപ്പയോടൊപ്പം പ്രാര്‍ത്ഥിച്ചും, ദിവ്യബലിയര്‍പ്പിച്ചും പങ്കെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡോനാത്തിസ് പറഞ്ഞു.

More Archives >>

Page 1 of 458