News - 2024
അബോർഷനെ പിന്തുണച്ച് ഐക്യരാഷ്ട്രസഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ
സ്വന്തം ലേഖകന്‍ 05-06-2019 - Wednesday
ന്യൂയോര്‍ക്ക് സിറ്റി: അബോര്‍ഷനെന്ന ക്രൂരതയെ അവസാനിപ്പിക്കുവാന്‍ അമേരിക്കയില്‍ നടക്കുന്ന പ്രോലൈഫ് ശ്രമങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ രംഗത്ത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറും ഓസ്ട്രേലിയന്‍ സ്വദേശിയുമായ കേറ്റ് ഗില്‍മോര്‍ ആണ് സമീപകാലത്ത് ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ പ്രോലൈഫ് നിയമങ്ങളെ ‘പീഡനം’, ‘സ്ത്രീകള്‍ക്കെതിരായ അക്രമം’ തുടങ്ങിയ വിശേഷണങ്ങൾ നൽകിയിരിക്കുന്നത്.
അബോര്‍ഷന്‍ നിരോധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ കുഴപ്പത്തിലാക്കുന്നതാണ് ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളെന്നു അവർ പറഞ്ഞു. പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമമെന്നാണ് ഗില്‍മോര്‍ അമേരിക്കയിലെ പ്രോലൈഫ് നിയമങ്ങളെ വിശേഷിപ്പിച്ചത്.
അബോര്‍ഷനെ സംബന്ധിച്ച തങ്ങളുടെ നിഷ്പക്ഷ നിലപാട് അവസാനിപ്പിക്കുവാനും, അബോര്‍ഷന്‍ ഒരു മനുഷ്യാവകാശമായി പ്രഖ്യാപിക്കുവാനുമുള്ള വിവാദപരമായ തീരുമാനം 2006-ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കൈകൊണ്ടപ്പോള്‍ അതിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നത് ഇതേ ഗില്‍മോര്‍ തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടിന്റെ നേതൃ സ്ഥാനത്തിലും ഇവർ ഇരുന്നിട്ടുണ്ട്.
1973-ലെ റോ v. വേഡ് കേസിനെ തുടര്‍ന്ന്‍ അമേരിക്കയിൽ അബോര്‍ഷന്‍ നിയമപരമായതിനു ശേഷം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും അബോര്‍ഷനെതിരെയുള്ള വികാരം ശക്തമായികൊണ്ടിരിക്കുകയാണ്. മാതാവിന്റെ ഉദരത്തിലുള്ള കുരുന്നിന്റെ ഹൃദയമിടുപ്പ് വ്യക്തമായി തുടങ്ങിയതിനു ശേഷമുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഇത് അബോര്‍ഷന്‍ അനുകൂലികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഗില്‍മോറിന്റെ ജീവന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് മുൻപും ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികളും മനുഷ്യാവകാശ സംഘടന എന്ന പേരിൽ അറിയപ്പെടുന്ന ആംനസ്റ്റിയും അബോർഷനെ പിന്തുണച്ചു രംഗത്തു വന്നിരുന്നു.