News - 2024

ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രാര്‍ത്ഥനയോടെ പ്രോലൈഫ് റാലി

സ്വന്തം ലേഖകന്‍ 05-06-2019 - Wednesday

ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യവുമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാപ്പിറ്റോളില്‍ നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലി നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജീവനെ മാനിക്കണമെന്ന്‍ എഴുതിയ വിവിധ പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. റാലിയില്‍ പ്രാര്‍ത്ഥിച്ച പ്രവര്‍ത്തകര്‍ റിപ്രോഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അമേരിക്കയില്‍ അലബാമ, ജോര്‍ജ്ജിയ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിലപാടുമായി മുന്‍പോട്ടു പോകുന്ന സാഹചര്യത്തിലാണ് പ്രോലൈഫ് റാലിയെന്നത് ശ്രദ്ധേയമാണ്.

ജീവനുവേണ്ടി സംസാരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്‍ ഹിബെര്‍നിയന്‍സ് സഭയുടെ അല്‍ബാനി ചാപ്റ്റര്‍ ചാപ്ലയിനായ ഡീക്കന്‍ ജിം ഒ റൂര്‍ക്കി പ്രതികരിച്ചു. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് വെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രാന്തന്‍ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ റാലിയെന്ന്‍ അല്‍ബാനി സ്വദേശി പോല്‍ നോളന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ‘ഹാര്‍ട്ട് ബീറ്റ് ബില്‍’ അടക്കമുള്ള നിരവധി പ്രോലൈഫ് അനുകൂല ബില്ലുകള്‍ അമേരിക്കയില്‍ പ്രാബല്യത്തില്‍ വരുത്തുന്ന നിലപാടിനെ റാലിയില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കുചേരാന്‍ എത്തിയത്.

More Archives >>

Page 1 of 457